മോര്‍ഫ് ചെയ്ത ചിത്രങ്ങളും സംഭാഷണം എഡിറ്റ് ചെയ്തും വ്യാജ പ്രചരണം, വ്യക്തിഹത്യ; വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ പരാതി, സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ശൈലജ ടീച്ചര്‍


വടകര: സോഷ്യല്‍ മീഡിയകളിലൂടെ നടക്കുന്ന ലൈംഗിക അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും എതിരെ തെരഞ്ഞെടുപ്പു കമ്മീഷന് പരാതിയുമായി വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുകൊണ്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ മുഖ്യനേതൃത്വത്തില്‍ നവമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ സത്വര നടപടി സ്വീകരിക്കണമെന്നാണ് ശൈലജ ടീച്ചര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.

തന്റെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തും സംഭാഷണം എഡിറ്റ് ചെയ്തും വ്യാപകമായി വ്യാജ പ്രചരണം നടത്തുകയാണെന്ന് ശൈലജ ടീച്ചര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തിഹത്യ നടത്തിയും ദുരാരോപണം ഉന്നയിച്ചും വ്യാപകമായ നിലയില്‍ സൈബറിടം ദുരുപയോഗം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് ശൈലജ ടീച്ചറും പാര്‍ലമെന്റ് കമ്മിറ്റി സെക്രട്ടറി വത്സന്‍ പനോളിയും പരാതി സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

പ്രശസ്ത മതപണ്ഡിതന്‍ എ.പി അബൂബക്കര്‍ മുസ്ലിയാരുടെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച് ശൈലജ ടീച്ചറെ ‘ബോംബമ്മ’ എന്ന് പരാമര്‍ശിച്ച് പ്രചരണം നടത്തുന്നു. മാതൃഭൂമി ഓണ്‍ലൈന്‍ മാധ്യമം എന്ന പേരില്‍ ലൗ ജിഹാദ് വാദക്കാരിയായി ചിത്രീകരിച്ചു. ഇത്തരമൊരു പ്രസ്താവന ശൈലജ ടീച്ചറോ മാതൃഭൂമി ഓണ്‍ലൈനോ നടത്തിയിട്ടില്ല. വ്യാജ ഐഡികള്‍ ഉപയോഗിച്ച് വോട്ടര്‍മാരുടെ ഇടയില്‍ ഭിന്നിപ്പും തെറ്റിദ്ധാരണയും ഉണ്ടാക്കുംവിധമാണ് പ്രചരണം നടത്തുന്നതെന്നും പരാതിയില്‍ പറയുന്നു.

എന്റെ വടകര കെ.എല്‍. 18 എന്ന ഫേസ്ബുക്ക് പേജ്, ട്രോള്‍ റിപ്പോര്‍ട്ടര്‍ ടി.ആര്‍ എന്ന ഗ്രൂപ്പ് തുടങ്ങിയവ വഴി നടക്കുന്ന പ്രചരണങ്ങള്‍ പരാതിയില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് പുറമേ മുഖ്യമന്ത്രി, ജില്ലാ പൊലീസ് മേധാവി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കും ശൈലജ ടീച്ചര്‍ പരാതി നല്‍കിയിട്ടുണ്ട്.