ഓപ്പണ്‍വോട്ടിലെ പ്രശ്‌നങ്ങള്‍, വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍; അര്‍ദ്ധരാത്രി വരെ നീണ്ട വടകരയിലെ ക്യൂ, വോട്ട് ചെയ്യാനാകാതെ മടങ്ങിയത് നിരവധി പേര്‍


വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറെ വൈകിയും വോട്ടിംഗ് നീണ്ടതോടെ വടകരയില്‍ ഇന്നലെ വോട്ട് ചെയ്യാതെ മടങ്ങിയത് നിരവധി പേര്‍. ആറ് മണി കഴിഞ്ഞശേഷം ബൂത്തിലുള്ളവര്‍ക്ക് പോളിംഗ് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ സമയവും ക്യൂവിലുണ്ടായിരുന്നത് മൂന്നിറലധികം പേരാണ്.

വടകര മാക്കൂല്‍പിടിക പുതിയാപ്പ് ജെബി സ്‌ക്കൂളിലെ 109, 110 ബൂത്തുകളില്‍ 6മണിക്ക് പോളിംഗ് സമയം കഴിയുമ്പോള്‍
വോട്ട് ചെയ്യാന്‍ ക്യൂവിലുണ്ടായിരുന്നത് 530പേരായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ക്കെല്ലാം പിന്നീട് ടോക്കണ്‍ നല്‍കുകയായിരുന്നു. 110-)ാം ബൂത്തില്‍ വോട്ടിങ്ങ് മെഷിന്‍ തകരാറിലായതാണ് വോട്ടിംഗ് നീളാന്‍ കാരണം. സ്ത്രീ വോട്ടര്‍മാരായിരുന്നു ഇവിടെ കൂടുതലും ഉണ്ടായിരുന്നത്. സംഭവമറിഞ്ഞ് കെ.കം രമ എംഎല്‍എ രാത്രി ബൂത്തിലെത്തുകയും ചെയ്തിരുന്നു.

വടകര കോട്ടപ്പള്ളി ഗവണ്‍മെന്റ് യുപി സ്‌ക്കൂളിലെ 119-)ാം ബൂത്തില്‍ പത്ത് മണിക്ക് ശേഷം വോട്ട് ചെയ്യാന്‍ ക്യൂവിലുണ്ടായിരുന്നത് നൂറിലധികം പേരായിരുന്നു. പത്ത് മണിവരെ സ്ത്രീകളടക്കം 1040 പേരാണ് വോട്ട് ചെയ്തത്. അതിനിടെ നാദാപുരം പഞ്ചായത്തിലെ 171,172 ബൂത്തുകളില്‍ വോട്ടര്‍മാരും പോലീസും തമ്മില്‍ ഉന്തു തള്ളുമുണ്ടായി. ക്യൂ നില്‍ക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.

വടകര വളയത്ത് വോട്ട് ചെയ്യാനെത്തിയ സത്രീ ഇതിനിടെ കുഴഞ്ഞ് വീണു മരിക്കുകയും ചെയ്തിരുന്നു. ചെറുമോത്ത് സ്വദേശിനി കുന്നുമ്മല്‍ മാമിയാണ് മരിച്ചത്. വോട്ട് ചെയ്യാനായി ബൂത്തിലേക്ക് കയറുന്നതിനിടെ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഓപ്പണ്‍ വോട്ടിനെചൊല്ലിയും വടകര മണ്ഡലത്തില്‍ പലയിടത്തും പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കര്‍ശന നിരീക്ഷണത്തിന് ശേഷമായിരുന്നു ഓപ്പണ്‍ വോട്ട് ചെയ്തത്. ഓപ്പണ്‍ വോട്ടില്‍ ക്രമക്കേടുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും ആരോപിച്ചിരുന്നു. ചെറുപ്പക്കാരെ പോലും സ്വന്ത്രമായി വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ഷാഫി ആരോപിച്ചിരുന്നു.

ഇതിനിടെ തൂണേരി കണ്ണംങ്കൈ ഗവണ്‍മെന്റ് സ്‌ക്കൂളില്‍ ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്യാനെത്തിയ യുവാവിനെ ബൂത്ത് ഏജന്റുമാര്‍ പിടികൂടിയിരുന്നു. വിദേശത്തുള്ള ഒരു വോട്ടര്‍ക്ക് പകരമാണ് ഇയാള്‍ വോട്ടു ചെയ്യാനെത്തിയത്. തുടര്‍ന്ന് ഇയാളെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു.

അര്‍ദ്ധരാത്രിയിലാണ് വടകരയിലെ മിക്ക ബൂത്തുകളിലും പോളിംഗ് പൂര്‍ത്തിയായത്. ഇന്നലെ 79.08ശതമാനം പേരാണ് വടകരയില്‍ നിന്നും വോട്ട് ചെയ്തത്. എന്നാല്‍ സംസ്ഥാനത്ത് ഇത്തവണ പോളിംഗ് ബൂത്തിലെത്തിയവരുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. 2019ലെ കണക്കുകള്‍ നോക്കുമ്പോള്‍ ഏകദേശം 8 ലക്ഷത്തിന്റെ കുറവാണ് കാണിക്കുന്നത്.