”ഷാഫി പറമ്പില്‍ മുസ്ലിം വോട്ടുകള്‍ കൊണ്ട് ജയിക്കുമോ? എന്തായിരുന്നു വടകരയില്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് ലക്ഷ്യവും അജണ്ടയും?” സയ്യീദ് ആബിയുടെ തെരഞ്ഞെടുപ്പ് വിശകലനം ചര്‍ച്ചയാവുന്നു


വടകര: വോട്ടെടുപ്പ് കഴിഞ്ഞശേഷവും രാഷ്ട്രീയ ചര്‍ച്ചകളില്‍ വടകര മണ്ഡലത്തിന് ലഭിക്കുന്ന ശ്രദ്ധ ഒട്ടും കുറഞ്ഞിട്ടില്ല. ജയ പരാജയങ്ങള്‍ പ്രവചിക്കുകയെന്നതിനപ്പുറം അപ്രതീക്ഷിതമായി വടകരയില്‍ ഷാഫി പറമ്പിലിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയതും തെരഞ്ഞെടുപ്പ് പ്രചരണവും സൂക്ഷ്മമായി ഇപ്പോഴും വിശകലനം ചെയ്യപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിനായി വടകരയില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന ആക്ഷേപം ഇരുമുന്നണികളും ഉന്നയിക്കുന്നുമുണ്ട്. വാശിയേറിയ തിരഞ്ഞെടുപ്പിന് ശേഷം വടകരയിലെ രാഷ്ടരീയപോരുകള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇപ്പോഴിതാ വടകരയിലെ തെരഞ്ഞെടുപ്പ് ലക്ഷ്യവും അജണ്ടയും ചര്‍ച്ച ചെയ്തുള്ള പ്രമുഖ ഇടത് പ്രൊഫൈലായ സയ്യീദ് ആബിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുകയാണ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഷാഫി പറമ്പില്‍ മുസ്ലിം വോട്ടുകള്‍ കൊണ്ട് ജയിക്കുമോ?’

വടകര മണ്ഡലം കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധേയകേന്ദ്രമാവുന്ന കാരണം നമ്മെ വല്ലാത്ത രീതിയില്‍ അലോസരപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയകേരളത്തിന്റെ അന്തസുറ്റചരിത്രവും സമരവും രേഖയാക്കിയ വടകരയില്‍ എന്താണ് സംഭവിക്കുന്നത്? അല്ലെങ്കില്‍ ഇതുവരെ സംഭവിച്ചത്? ഷാഫി പറമ്പില്‍ അവിടെ ജയിക്കുക ആണെങ്കില്‍ മുസ്ലിം ഏകീകരണം സംഭവിച്ച റിസള്‍ട്ടാകും എന്ന വിശകലനം വസ്തുതകളുമായി പൊരുത്തപ്പെടില്ല. ആകെയുള്ള മുസ്ലിങ്ങളില്‍ 25% അടിയുറച്ച ലെഫ്റ്റുകാരായ മണ്ഡലമാണ് വടകര. പടച്ചോന്‍ വന്ന് അരിവാള്‍ മറന്നേക്കൂ എന്ന് പറഞ്ഞാല്‍ അനുസരിക്കാന്‍ തയ്യാറാവാത്തവരാണ് അവര്‍. അവരെ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ള എല്ലാ മുസ്ലിങ്ങളെയും ഒരു കുടകീഴില്‍ ഷാഫി കൊണ്ട് വന്നാലും ഷാഫി ജയിക്കില്ല.

മുരളീധരനും മുല്ലപ്പള്ളിയും സമാഹരിച്ച യുഡിഫ് രാഷ്ട്രീയത്തിന് പുറത്തുള്ള വോട്ടുകളുടെ ഗണ്യമായ പങ്ക് ഇല്ലാതെ ഷാഫി ജയിക്കില്ല, ( അത് മുസ്ലിം വോട്ടല്ല) അല്ലെങ്കില്‍ ബി.ജെ.പി 50% വോട്ടുകള്‍ ഷാഫിക്ക് മറിക്കണം, അത് അത്ഭുതമെന്ന് തോന്നാമെങ്കിലും ബിജെപിയുടെ സി.പി.എം വെറുപ്പ് അതിനെയും തള്ളി കളയുന്നില്ല. എന്ത് തന്നെയായാലും യുഡിഫ് ജയിച്ചാല്‍, എന്ത്കൊണ്ട് ജയിച്ചു എന്ന് വോട്ട് നോക്കി വിലയിരുത്തിയാല്‍ മാത്രമേ വസ്തുതകള്‍ മുമ്പോട്ട് വരൂ!
അതിന് ജൂണ്‍ നാല് കഴിയണം. എന്നാല്‍, എന്തായിരുന്നു വടകരയിലെ യുഡിഎഫിന്റെ തെരെഞ്ഞെടുപ്പ് ലക്ഷ്യവും അജണ്ടയുമെന്ന് വിലയിരുത്താന്‍ നമുക്ക് ജൂണ്‍ വരെ കാത്ത് നില്‍കേണ്ടതില്ല.

ശൈലജ ടീച്ചര്‍ 2 ലക്ഷം വോട്ടിന് ജയിച്ചാലും അത് ചര്‍ച്ച ആകാതെ ഒരടി മുമ്പോട്ട് പോകാനാവില്ല. അതിനെ ലഘൂകരിക്കാനാവില്ല. ഷാഫിയെ പാലക്കാട് നിന്ന് വടകര എത്തിച്ച് നാദാപുരം- കുറ്റ്യാടി മുസ്ലിം ലീഗിന്റെ കയ്യിലേക്ക് കൊടുക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്താണ് മനസ്സില്‍ കണ്ടത് എന്ന് ഇപ്പോഴും അവ്യക്തമാണ്. ഷാഫിയുടെ കരിയറിനെ ബാധിക്കും തരത്തിലൊരു പ്രചാരണത്തിലേക്ക് നാദാപുരം പോകുമെന്ന് മുന്‍കൂട്ടി കണ്ട് ഗ്രൂപ്പ് രാഷ്ട്രീയം വെച്ച കെണിയാണോ എന്നറിയില്ല. മൂന്നാം സീറ്റ് ചോദിച്ച ലീഗിന് കോണ്‍ഗ്രസിലെ ഏറ്റവും ജനകീയനായ ഒരു ന്യൂനപക്ഷ മുഖത്തെ വിറ്റ് കൊണ്ട് കോണ്‍ഗ്രസ് കൂടുതല്‍ ന്യൂനപക്ഷ മുക്തമാകാന്‍ ശ്രമിച്ചതാകാനും സാധ്യതയുണ്ട്.

വടകരയിലെ യുഡിഫ് നേതൃത്വത്തിലെ ലീഗ് പക്ഷം മലപ്പുറം ലീഗല്ല, കേരളത്തിലെ പല ഇടങ്ങളില്‍ കാണുന്ന ലീഗല്ല, കടുത്ത മതവും വംശീയതയും വെറുപ്പും അറപ്പും ജീവിതചര്യയാക്കി, മതത്തെ ലോകര്‍ക്ക് മുമ്പില്‍ തെറ്റിദ്ധരിപ്പിച്ച്, വിശ്വാസങ്ങളെ തെരഞ്ഞെടുപ്പിലും നിത്യജീവിതത്തിലും അപരമതവെറുപ്പിന് ഉപയോഗിച്ച് ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ നാദാപുരത്തും ഓര്‍ക്കാട്ടേരിയും പാറകലുമുണ്ട്. അവരുടെ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ കാതല്‍ നില്‍ക്കുന്നത് വ്യക്തി അധിക്ഷേപത്തിലാണ്.

തോമസ് ഐസക്കാണ് വടകരയിലെ സ്ഥാനാര്‍ഥി എങ്കില്‍ നാം കേള്‍ക്കാന്‍ പോകുന്ന ഒരു പ്രധാനതെരെഞ്ഞെടുപ്പ് വാചകം ‘കിഫ്ബി കള്ളന്‍, ലണ്ടന്‍ ബോണ്ട കള്ളന്‍’ എന്നാകും. സുനില്‍ കുമാറാണ് സ്ഥാനാര്‍ഥി എങ്കില്‍ ‘ബ്ലൈഡ് സുനില്‍’ എന്നായിരിക്കും. കെ രാധാകൃഷ്ണന്‍ ആണെങ്കില്‍ ‘ദേവസ്വം കള്ളന്‍’ എന്നായിരിക്കും. ഐസകിന്റെയും സുനിലിന്റേയും രാധാകൃഷ്ണന്റെയും മണ്ഡലത്തില്‍ ഈ പ്രചാരണങ്ങള്‍ ഒക്കെ ഉണ്ടാകും. എന്നാല്‍ അളവില്‍ വളരെ കുറഞ്ഞ മുഖ്യധാരയില്‍ കാണാത്ത, ചില വാട്സാപ്പുകളില്‍ മാത്രം ഒതുങ്ങുന്ന ഒന്നായിരിക്കും അത്. മറ്റ് പല വിഷയങ്ങളും ആയിരിക്കും പ്രാഥമികമായി മുമ്പില്‍ ഉണ്ടാവുക.

എന്നാല്‍ വടകരയിലാണ് ഇവരെങ്കില്‍ ലീഗാണ് പ്രചാരണ നേതൃത്വമെങ്കില്‍ ഇതൊക്കെ മുമ്പിലുണ്ടാകും. ടീച്ചര്‍ നേരിട്ടത് അതാണ്, ടീച്ചറുടെ ശത്രുക്കള്‍ പോലും പതുക്കെ പറയാന്‍ മടിക്കുന്ന കള്ളി പ്രയോഗങ്ങള്‍, സീസറമ്മ ഡയലോഗുകള്‍ കൊച്ചു കുട്ടികള്‍ റോഡിലൂടെ മുദ്രാവാഖ്യങ്ങളായി പറയും. കള്ളീ, കള്ളീ കാട്ട് കള്ളീ എന്ന് ആരും എഴുതി കൊടുത്തില്ലെങ്കിലും ഏത് കൊട്ടിക്കലാശത്തിന്റെയും മുമ്പില്‍ വരും! അഥവാ ഒരു മനുഷ്യന്‍ അവന്റെ ജീവിതത്തില്‍ കേള്‍ക്കുന്ന ഏറ്റവും ദുഃഖിപ്പിക്കുന്ന അധിക്ഷേപങ്ങള്‍ മഴ പോലെ പെയ്ത് വരും. അങ്ങനെ ഉണ്ടാക്കുന്ന പൊതുബോധത്തില്‍ ആ വ്യക്തി ചാരമാകും. ഒരു രൂപയുടെ മാസ്‌ക് 200 രൂപക്ക് വാങ്ങിയ നാദാപുരംകാര്‍ 500 രൂപയുടെ കിറ്റ് 1500 ന് വാങ്ങി എന്നത് കൊള്ളയായി ചിത്രീകരിക്കും. അത് ഒരു വ്യക്തിയില്‍ മാത്രം കേന്ദ്രീകരിക്കും. അങ്ങനെ കേരളമോ ലോകമോ കരുതാത്തൊരു ശൈലജയെ വടകരയുടെ മണ്ണില്‍ അവര്‍ കിളിര്‍പ്പിച്ച് വെക്കും, അതാണ് അതിക്ഷേപങ്ങളുടെ ശക്തി.

എന്ത് കൊണ്ട് ആദരിക്കപെടുന്ന പലരേയും സംഘ് തോല്പിക്കുന്നു എന്നതിന് യോഗേദ്ര യാദവ് 2019 ല്‍ പറഞ്ഞൊരു കാരണത്തില്‍ ഈ പൊതുബോധനിര്‍മിതിയുണ്ട്. ഈ നിര്‍മ്മിതിക്ക് ചൂട്ട് കത്തിച്ചിട്ടാണ് മതവും വിശ്വാസവും വെളിച്ചതോടെ നില്‍ക്കുക. നേരിട്ടുള്ള മുദ്രാവാക്യമായി കള്ളി വരുമ്പോള്‍ കാഫിര്‍ പതുക്കെയായി വരും. അവര്‍ അപ്പോള്‍ ചോദിക്കുന്ന ചോദ്യം മുരളി ജയിച്ചതോ എന്നാകും. മുരളിയെ മുസ്ലിം ആക്കാന്‍ ലീഗിനാകും. ആന്റണിയെ പുണ്യാളനാകും, അത് പോലെ കാന്തപുരത്തെ താന്തോന്നിയാകും. തെരെഞ്ഞെടുപ്പില്‍ മുസ്ലിമും കാഫിറും ഉപയോഗിക്കുന്നത് ദീന്‍ വിശ്വാസങ്ങളില്‍ പറഞ്ഞ പോലെയല്ല, ലീഗ് വിചാരിക്കും പോലെയാണ്. ഇസ്ലാമല്ല ലീഗ്, ലീഗ് വേറെ ഒരു മതമാണ്, നാദാപുരം ലീഗ് ഒരു ഭീകരമതമാണ്!
ടീച്ചര്‍ മുമ്പില്‍ കാണുന്ന അധിക്ഷേപങ്ങള്‍ക്ക് അകത്ത് മറ്റ് കാരണങ്ങള്‍ കൊണ്ടും ആക്രമിക്കപ്പെട്ടിട്ടുണ്ട്.

ഷാഫി ജയിക്കുമ്പോള്‍ ഈ അതിക്ഷേപങ്ങള്‍ ജനങ്ങളെ സ്വാധീനിക്കുന്നു എന്ന് വരും, മറ്റുള്ള കാരണങ്ങള്‍ അതിന്റെ പുറകെയാണ് വരുക. എന്നാല്‍ പുറകെ വന്ന കാരണങ്ങള്‍ക്ക് പിറകെ കേരളം നടക്കും അത് ഒട്ടും ആരോഗ്യകരമായിരിക്കില്ല.

പ്രചാരണം തുടങ്ങുമ്പോള്‍, യുഡിഎഫ് ഓര്‍ക്കേണ്ട പ്രാഥമികമായ കുറെ കാരണങ്ങള്‍ ഉണ്ടായിരുന്നു. ഷാഫിക്ക് ഈ അധിക്ഷേപങ്ങള്‍ ഒന്നും ഇല്ലെങ്കിലും മുമ്പോട്ട് പോകാനുള്ള സ്പേസ് ഉണ്ടായിരുന്നു. ഇടത് വിരുദ്ധ മാധ്യമപിന്തുണ ഉണ്ടായിരുന്നു, ഒറ്റക്ക് നടക്കാനുള്ള വേഗം ഉണ്ടായിരിന്നു. ഷാഫി അത് മാത്രം ഉപയോഗിക്കണമായിരുന്നു.
(ഒരു ഇരുട്ട് മുറി രോഗിയുടെ പോസ്റ്റ് കണ്ടു, ഷാഫിയെ ആരോ സുടാപ്പി ആക്കുന്നു എന്നെത്ര! ഈ രോഗികള്‍ ഒക്കെ കരുതുന്നത് ഇവര്‍ക്ക് മാത്രം വിസ ഉള്ള അന്റാര്‍ട്ടികയാണ് വടകരയിലെ ചില പ്രദേശങ്ങള്‍ എന്നാണ്, ഇവര്‍ വിലയിരുത്തും, പറയും! ഷാഫിയെ ആരും സുഡാപ്പിയാക്കുന്നില്ല, എന്നാല്‍ സുഡാപ്പിസത്തിന്റെ മാരകവേര്‍ഷനുകള്‍ ഉപയോഗിക്കപ്പെട്ട തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയാണ് ഷാഫി. അത് പറയും)

വളരെ വേഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ പോലെയുള്ള ലീഗ് നേതൃത്വം ഈ വിഷയത്തില്‍ രഹസ്യമായോ പരസ്യമായോ ഇടപെടല്‍ നടത്തണം. മുന്നിട്ട് ഇറങ്ങണം, ഒരിക്കല്‍ കൂടി ഇത് ആവര്‍ത്തിക്കുന്ന തരത്തില്‍ നാദാപുരം മാറരുത്.

വടകരയുടെ ഉള്ളടക്കം സമരങ്ങളാണ്. ജന്മിത്തത്തിന് എതിരായ ചരിത്രമാണ്. വടകരയിലെ ആകെ മനുഷ്യര്‍ വര്‍ഗീയഉള്ളടക്കമുള്ളവരല്ല, എല്ലാ യുഡിഎഫുകാരും എല്‍ഡിഎഫുകാരും അതല്ല, എന്നാല്‍ യുഡിഫിന്റെ നേതൃത്വവും പ്രചാരണവും വര്‍ഗീയ ഉള്ളടക്കത്തില്‍ അഭിരമിച്ചവരാണ്, ടീച്ചര്‍ ജയിച്ചാലും അതിന് മാറ്റമൊന്നുമില്ല.