പോളിങ് നീണ്ടത് വടകരയിൽ മാത്രം, ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല: പ്രതികരണവുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസ‍ര്‍ സഞ്ജയ് കൗൾ


തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുളള പോളിങ് വൈകിയെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസ‍ര്‍ സഞ്ജയ് കൗൾ. വടകര മണ്ഡലത്തിൽ മാത്രമാണ് പോളിങ് നീണ്ടത്. ഇന്നലെ ഉത്തര കേരളത്തിൽ നല്ല താപനിലയാണ് രേഖപ്പെടുത്തിയത്. ചൂടുകാരണം ആളുകൾ ഉച്ചയ്ക്ക് 3 മണിക്ക് ശേഷമാണ് ബൂത്തിലേക്ക് എത്തിയത്.

ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി ഇതുവരെ കിട്ടിയിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ബോധപൂര്‍വ്വമായ ഒരു വീഴ്ചയുമുണ്ടായിട്ടില്ല. പരാതി കിട്ടിയാൽ ഉറപ്പായും പരിശോധിക്കുമെന്നും ചിലയിടങ്ങളിൽ വോട്ട് ചെയ്യാൻ സമയം കൂടുതൽ എടുത്തുവെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങള്‍ക്ക് കഴിഞ്ഞ തവണത്തെ അത്ര പ്രശ്നങ്ങളുണ്ടായില്ലന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 95 ശതമാനം ബൂത്തുകളിലും ആറുമണിയോടെ പോളിങ് പൂര്‍ത്തിയായെന്ന് സഞ്ജയ് കൗള്‍ പറഞ്ഞു. രാത്രി വൈകിയും ഇന്നലെ പോളിങ് തുടര്‍ന്നിരുന്നു. പോളിങ് നീണ്ടുപോയത് അന്വേഷിച്ച് പരിശോധിക്കും. നിലവില്‍ 71.16 ശതമാനമാണ് പോളിങ്. എന്നാല്‍ വീട്ടിലെ വോട്ടും പോസ്റ്റല്‍ വോട്ടുകളും വന്നാൽ ഇനിയും മാറ്റം വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

എന്നാൽ ജില്ലയിൽ പോളിം​ഗ് സമയം കഴിഞ്ഞ് ടോക്കൺ നൽകിയവരുടെ പോളിം​ഗ് പൂർത്തിയായത് രാത്രി 11.40 ഓടെയാണ്. വടകര മണ്ഡലത്തിലെ ബൂത്തുകളിലാണ് രാത്രി വെെകിയും വോട്ടെടുപ്പ് തുടർന്നത്. കുറ്റ്യാടി മണ്ഡലത്തിലെ 141 -ാം ബൂത്തായ മുടപ്പിലാവില്‍ എല്‍ പി സ്‌കൂളിലാണ് ഏറ്റവും അവസാനം വോട്ടെടുപ്പ് തീര്‍ന്നത്. 11.43നാണ് അവസാനത്തെ ആള്‍ ഇവിടെ വോട്ട് ചെയ്തത്.