‘വ്യാജ പോസ്റ്റ് തലയില്‍ കെട്ടിവെക്കാന്‍ ശ്രമം നടന്നു, വടകരയില്‍ വര്‍ഗീയ ധ്രൂവീകരണം നടന്നിട്ടില്ല’; വര്‍ഗീയവാദിയായി ചിത്രീകരിക്കപ്പെടുന്നത് അത്ര രസകരമായ കാര്യമല്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഷാഫി പറമ്പില്‍


വടകര: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയ്‌ക്കെതിരെ പ്രചരിച്ച വര്‍ഗീയ ആരോപണത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. ‘കാഫറിന് വോട്ട് ചെയ്യരുത്’ എന്ന രീതിയില്‍ പ്രചരിച്ച പോസ്റ്റ് വ്യാജമാണെന്നും തനിക്ക് മതത്തിന്റെ പ്ലസ് വേണ്ടെന്നും ഷാഫി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോസ്റ്റ് വ്യാജമാണെന്ന് ബോധ്യമായിട്ടും വടകരയിലെ എതിര്‍ സ്ഥാനാര്‍ത്ഥി തള്ളി പറഞ്ഞില്ലെന്നും അവരുടെ തരംതാണ പ്രസ്താവനകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും ഷാഫി കുറ്റപ്പെടുത്തി. തനിക്കെതിരെയുള്ള പോസ്റ്റ് വ്യാജ നിര്‍മിതയാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നെ വ്യക്തിപരമായി അക്രമിക്കാന്‍ വേണ്ടിയായിരുന്നു അത്. കാഫിര്‍ എന്ന് വിളിച്ചു, അതില്‍ ഞാന്‍ മൗനം പാലിച്ച് സൗമ്യനായി അഭിനയിച്ചു എന്നൊക്കെ പറഞ്ഞപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുവെന്നും ഷാഫി പറഞ്ഞു.

പ്രചരിച്ച സ്‌ക്രീന്‍ഷോട്ട് വ്യാജമാണ്. അത്തരത്തില്‍ ഒരു സന്ദേശം ഞങ്ങളുടെ ആരും ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലും ഇതുവരെ അയച്ചിട്ടില്ല. ഇനി അയക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷാഫി പറഞ്ഞു. ആരെയും രാഷ്ട്രീയത്തില്‍ ‘കാഫിര്‍ എന്നു വിളിച്ച് വോട്ടിന് അര്‍ഹരല്ല’ എന്ന് പറയുന്നവരുടെ പട്ടികയിലേക്ക് ഒരുകാലത്തും കടന്നുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും വര്‍ഗീയവാദി എന്ന് വിളിക്കപ്പെടുന്നത് അത്ര രസകരമായ അനുഭവം അല്ലെന്നും ഷാഫി പറഞ്ഞു.

ഇന്നലെ വടകരയിലെ ഒരു ബൂത്ത് സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍ തന്റെ കാലുകൊത്തുമെന്ന് ചിലര്‍ പറഞ്ഞു. വടകരയില്‍ വോട്ടിംഗ് അവസാനിക്കാന്‍ വൈകിയതില്‍ വരണാധികാരിക്ക് പരാതി നല്‍കിയെന്നും ഷാഫി പറഞ്ഞു.