മുക്കുപണ്ടം പണയംവെച്ച് പണം തട്ടി; രണ്ടം​ഗ സംഘത്തെ കയ്യോടെ പൊക്കി കൊയിലാണ്ടി പോലീസ്


കൊയിലാണ്ടി: മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ കൊയിലാണ്ടി പോലീസ് പിടികൂടി. കൂത്താളി ആയിഷ മനസിൽ അബ്ദുള്ള മനാഫ് (26), കണ്ണൂർ പള്ളിക്കുന്ന് ലിജാസ് ഹൗസിൽ ലിജാ ജയൻ (27) എന്നിവരാണ് പിടിയിലായത്. സി ഐ മെൽവിൻ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞദിവസം കൊയിലാണ്ടി സരയു ഗോൾഡ് ലോൺ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ സംഘം തട്ടിയെടുത്തിരുന്നു. ഈ കേസിലാണ് പ്രതികളെ പിടികൂടിയത്.

സമാനമായ രീതിയിൽ ഇന്ന് നടുവിലെക്കണ്ടി ഗോൾഡിൽ തട്ടിപ്പ് നടത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

കൂടുതൽ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സമാന രീതിയിൽ കാട്ടിലെ പീടികയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും കോഴിക്കോട് ടൗണിലെ അഞ്ച് സ്ഥാപനങ്ങളിലും ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ലക്ഷങ്ങളുടെ ഇടപാടാണ് ഇവർ നടത്തുന്നത്. ഇതിന്റെ പിന്നിൽ വലിയ സംഘങ്ങൾ ഉള്ളതായി ചോദ്യം ചെയ്യലിൽ വ്യക്തമാകുന്നതായി പോലീസ് പറയുന്നു.

എസ് ഐ പ്രദീപ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സതീഷ് കുമാർ, ദിലീപ്, സിനു രാജ്, ദിവ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.