കണ്ണൂര്‍ വിമാനത്താവളത്തില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യവെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചോ? പ്രചരിക്കുന്ന വീഡിയോയുടെ യാഥാർത്ഥ്യം അറിയാം


 

കണ്ണൂർ: യാത്രാവേളകളിലും മറ്റും മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് പവർ ബാങ്കുകൾ. ഇവ ചാർജ് ചെയ്യുന്നതിനിടയിൽ പൊട്ടിത്തെറിച്ച വാർത്തകളും വീഡിയോകളും നേരത്തെ പുറത്തുവന്നിട്ടുണ്ട്. എന്നാൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ളതെന്ന തരത്തിൽ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധാ കേന്ദ്രമാകുന്നത്. സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്

കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ച് പോക്കറ്റിലിട്ട് ചാര്‍ജ് ചെയ്യവേ യാത്രക്കാരന്‍റെ കീശയില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. യഥാർത്ഥത്തിൽ കണ്ണൂരിൽ അത്തരം ഒരു സംഭവം ഉണ്ടായിട്ടുണ്ടോ? പ്രചരക്കുന്ന വീഡിയോ സത്യമാണോ? പരിശോധിക്കാം വിഡിയോയടെ വസ്തുത എന്തെന്ന്.

Fact Check power bank blast in kannur airport here is the reality of video

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇത്തരമൊരു സംഭവം നടന്നതായി മാധ്യമ വാര്‍ത്തകളൊന്നും ലഭ്യമല്ലാതിരുന്നതിനാല്‍ വീഡിയോ സംബന്ധിച്ച് കീവേഡ് സെര്‍ച്ച് നടത്തി. ഇതില്‍ ഈ വീഡിയോ സമാന തലക്കെട്ടോടെ നാല് വര്‍ഷം മുമ്പ് 2019ല്‍ ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിച്ചിരുന്നതാണ് എന്ന് മനസിലാക്കാനായി. ഇതേത്തുടര്‍ന്ന് വീഡിയോയുടെ നിജസ്ഥിതി അറിയാന്‍ ദൃശ്യത്തിന്‍റെ ഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഇതില്‍ മൊറോക്കോ വേള്‍ഡ് ന്യൂസ് എന്ന മാധ്യമത്തിന്‍റെ ഒരു വാര്‍ത്ത ലഭ്യമായി. എന്നാല്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചതിനെ കുറിച്ചല്ല, സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ കവാടത്തില്‍ വച്ച് 30 വയസുള്ളയാള്‍ സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചതിനെ കുറിച്ചാണ് വാര്‍ത്ത.

Fact Check power bank blast in kannur airport here is the reality of video
കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്‍റെ പവര്‍ ബാങ്ക് മൊബൈല്‍ ചാര്‍ജ് ചെയ്യവേ പൊട്ടിത്തെറിച്ചു എന്ന അവകാശവാദത്തോടെ ഇപ്പോള്‍ പ്രചരിക്കുന്ന സമാന വീഡിയോ 2018ല്‍ മൊറോക്കന്‍ മാധ്യമം നല്‍കിയ വാര്‍ത്തയിലുണ്ട്.

Fact Check power bank blast in kannur airport here is the reality of video

ആയതിനാൽ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പവര്‍ ബാങ്ക് പോക്കറ്റിലിട്ട് ചാര്‍ജ് ചെയ്യവെ തീപ്പിടിച്ചു എന്ന കുറിപ്പോടെ വാട്സ്ആപ്പില്‍ കറങ്ങുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പഴയതും മൊറോക്കോയില്‍ നടന്ന ഒരു സംഭവത്തിന്‍റെയും ദൃശ്യങ്ങളാണിത്.