വടകര ഉൾപ്പെടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഓരോ വാര്‍ഡ് കൂടും; പുനര്‍നിര്‍ണയത്തിന് ഓര്‍ഡിനന്‍സ് ഇറക്കാൻ മന്ത്രിസഭായോഗ തീരുമാനം


തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശവാര്‍ഡ് വിഭജനത്തിന് ഓര്‍ഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗ തീരുമാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് കൂടും. വാര്‍ഡ് പുനര്‍നിര്‍ണയിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

2011 ലെ സെൻസസ് അനുസരിച്ച് വാര്‍ഡുകൾ പുനക്രമീകരിക്കാനാണ് തീരുമാനം. വടകര ഉൾപ്പെടെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് വീതം കൂട്ടാനാണ് തീരുമാനം. 941 പഞ്ചായത്തുകളിലും 87 മുൻസിപ്പാലിറ്റികളിലും ആറ് കോര്‍പറേഷനിലുമായി 1200 വാര്‍ഡ് അധികം വരും. ചെറിയ പഞ്ചായത്തുകളില്‍ 13ഉം വലുതില്‍ 23ഉം വാര്‍ഡുകളുമാണ് നിലവിലുള്ളത്. ഭേദഗതിയോടെ ഇത് 14ഉം 24ഉം ആയി മാറും. 

അടുത്ത വര്‍ഷം ഒക്ടോബറിൽ നടക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് മുൻപ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാനാണ് തീരുമാനം. 2010 ലാണ് അവസാനം വാര്‍ഡ് വിഭജനം നടന്നത്. 2015ൽ ഭാഗികമായ പുനർനിർണ്ണയവും നടന്നു. പുതിയ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക.

വാര്‍ഡ് വിഭജന ഓര്‍ഡിനൻസ് അംഗീകരിക്കാൻ മാത്രമായാണ് ഇന്ന് മന്ത്രിസഭായോഗം ചേര്‍ന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ്  കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷൻ ഇതിനായി ഉണ്ടാകും. സര്‍ക്കാര്‍ നിയോഗിക്കുന്ന നാല് പേരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ആറ് മാസത്തിനകം നടപടികൾ പൂര്‍ത്തിയാക്കാനാണ് തീരുമാനം. 

അതേസമയം വാര്‍ഡ് പുനര്‍നിര്‍ണയത്തില്‍ സര്‍ക്കാരിന്റേത് ഏകപക്ഷിയമായ തീരുമാനമാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.