മലയാളത്തിന് ഉൾപ്പെടെ എ പ്ലസ് കരസ്ഥമാക്കി ഉത്തർപ്രദേശ് സ്വദേശി; മണിയൂർ ജിഎച്ച്എസ് സ്കൂളിലെ കലീം ഖാന്റേത് പത്തരമാറ്റ് വിജയം


വടകര: എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം സ്വന്തമാക്കി ഉത്തർപ്രദേശ് സ്വദേശിയായ കലീം ഖാൻ. മലയാളം ഉൾപ്പെടെ അഞ്ച് വിഷയങ്ങളിൽ എ പ്ലസ് കരസ്ഥമാക്കിയായാണ് കലീം ഖാന്റെ വിജയം. മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്. സ്കൂൾ ന്യൂസ് ചാനലിന്റെ എഡിറ്റർ കൂടിയായ കലീം ഖാനെ നേരത്തെ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ആദരിച്ചിട്ടുണ്ട്.

കലിംഖാൻ ഉൾപ്പെടെ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ഉന്നത പഠനത്തിന് യോ​ഗ്യത നേടിയതോടെ ഇത്തവണയും നൂറ് ശതമാനം വിജയം കെെവരിക്കാൻ സ്കൂളിന് സാധിച്ചു. 63 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. 9 വിഷയങ്ങളിൽ എ പ്ലസ് നേടിയത് 17 കുട്ടികളാണ്.

ജിപ്സം വർക്ക് തൊഴിലാളിയായ അബ്ദുൽ കയീംഖാന്റെയും ഹാജറ കാതൂൺൻ്റെയും മകനാണ് കലീം ഖാൻ. ഇളയരണ്ട് സഹോദരങ്ങളും മണിയൂർ ഹൈസ്കൂളിലാണ് പഠിക്കുന്നത്. ഹെഡ്മാസ്റ്റർ രാജീവൻ വളപ്പിൽ കുനിയും പി.ടി എ പ്രസിഡൻ്റ് സുനിൽ മുതു വനയും കുട്ടിയെ അഭിനന്ദിച്ചു.