”വടകരയില്‍ ഷാഫി പറമ്പില്‍ 88500-114000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും, ടീച്ചര്‍ക്ക് പാര്‍ട്ടി വോട്ടിനപ്പുറം സമഹരിക്കാനാവില്ല”; പ്രവചനവുമായി തെരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്യമായി പ്രവചിച്ച് ശ്രദ്ധേയമായ നാദാപുരം സ്വദേശി റാഷിദ് സി.പി


വടകര: രാജസ്ഥാന്‍, തെലങ്കാന തെരഞ്ഞെടുപ്പ് ഫലം വോട്ടെണ്ണുന്നതിന് മുമ്പുതന്നെ കൃത്യമായി പ്രവചിച്ച് സമൂഹമാധ്യമങ്ങളിലൂടെ താരമായ നാദാപുരം സ്വദേശി റാഷിദ് സി.പി വടകരയുടെ തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്നു. വടകരയില്‍ 88500-114000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഷാഫി പറമ്പില്‍ വിജയിക്കുമെന്നാണ് റാഷിദിന്റെ പ്രവചനം. ഫേസ്ബുക്കിലൂടെയാണ് റാഷിദ് പ്രവചനം നടത്തിയത്.

ശൈലജ ടീച്ചര്‍ക്ക് പാര്‍ട്ടി വോട്ടിനപ്പുറം സമാഹരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലവില്‍ ഉണ്ടായിരുന്നില്ലെന്നും റാഷിദ് പറയുന്നു. ”ടീച്ചര്‍ അമ്മ വിളി പോലും പാര്‍ട്ടി സര്‍ക്കിളിന് അപ്പുറം വലിയ രീതിയില്‍ ഏശിയിട്ടില്ല. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിലെ,മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കല്‍ ഗ്രാഫില്‍ നല്ല വേരിയേഷന്‍ ഉണ്ടായിരുന്നു.” റാഷിദ് പ്രവചിക്കുന്നു.

റാഷിദ് നേരത്തെ കര്‍ണാടക, കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും കൃത്യമായി പ്രവചിച്ചിരുന്നു. 2020ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലമാണ് റാഷിദ് സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ആദ്യം പോസ്റ്റു ചെയ്തത്. അത് ക്ലിക്കായതോടെ സുഹൃത്തുക്കള്‍ മാത്രമല്ല രാഷ്ട്രീയക്കാരും റാഷിദിന്റെ പ്രവചനങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങി. കേരള നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പിണറായി സര്‍ക്കാര്‍ രണ്ടാംതവണയും നൂറിലേറെ സീറ്റുമായി അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിരുന്നു. വടകരയില്‍ റാഷിദിന്റെ പ്രവചനം തെറ്റുമോ ഫലിക്കുമോയെന്ന് കാത്തിരുന്ന് കാണാം