‘വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി’; കോൺ​ഗ്രസിന്റെ ആരോപണം പരാജയ ഭീതിയെ തുടർന്നെന്ന് കെ കെ ശൈലജ ടീച്ചർ


വടകര: കോണ്‍ഗ്രസിന് പരാജയ ഭീതിയെന്നും, പോളിം​ഗ് വൈകിയത് യുഡിഎഫ് കേന്ദ്രങ്ങളിലെന്ന പ്രചാരണം തോല്‍വി ഭയന്നിട്ടാണെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ. വടകരയിൽ മാത്രമല്ല, എല്ലായിടത്തും വോട്ടെടുപ്പ് വൈകി, ഉദ്യോ​ഗസ്ഥർ വോട്ടെടുപ്പ് കരുതിക്കൂട്ടി വൈകിപ്പിച്ചെന്ന് കരുതുന്നില്ലെന്നും ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു.

പോളിംഗ് കൂടിയാലും ഇല്ലെങ്കിലും എൽ.ഡി.എഫ് നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എൽ.ഡി.എഫ് വോട്ടുകൾ കൃത്യമായി ചെയ്തിട്ടുണ്ട് എന്ന് പ്രതീക്ഷിക്കുന്നു. വിജയം നേടുമെന്ന ആത്മവിശ്വാസമുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.

അതേസമയം, വടകരയിലെ കാഫിർ പരാമർശ പോസ്റ്റ് യുഡിഎഫ് നിർമിതമെന്നും ശെെലജ ടീച്ചർ പറഞ്ഞു. യുഡിഎഫ് പ്രവർത്തകരാണ് അത് പ്രചരിപ്പിച്ചതെന്നാണ് വിശ്വസിക്കുന്നത്. മറിച്ചാണെങ്കിൽ അവരത് തെളിയിക്കട്ടെ. കേസ് എടുക്കാൻ വൈകുന്നത് സ്വാഭാവികമാണ്. അന്വേഷണം നടക്കട്ടെയെന്നും ടീച്ചർ പറഞ്ഞു.