‘ഒരാഴ്ചയ്ക്കകം ‘കാഫിര്‍’ പ്രചാരണം നടത്തിയവരെ കണ്ടെത്തണം, ഇല്ലെങ്കില്‍ പൊതുസമൂഹത്തോട് പോലീസ് മറുപടി പറയേണ്ടി വരും; വടകരയിലെ കാഫിര്‍ പരാമര്‍ശത്തില്‍ എം.കെ മുനീര്‍


വടകര: മാര്‍ക്‌സിറ്റ് പാര്‍ട്ടി പേര് മാറ്റി മാര്‍ക്‌സ് സംഘികള്‍ എന്നാക്കണമെന്ന് എം.കെ മുനീര്‍ എംഎല്‍എ. വടകരയില്‍ കാഫിര്‍ പരാമശം നടത്തിയവര്‍ക്കെതിരെ നടപടി വൈകുന്നുവെന്ന് ആരോപിച്ച്‌ വടകര എസ്പി ഓഫീസിലേക്ക് യുഡിവൈഎഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടകരയിലെ പരമ്പരാഗത രാഷ്ട്രീയ പ്രവർത്തനം അട്ടിമറിക്കുകയും വർഗീയ ധ്രുവീകരണം നടത്തുകയുമാണ് സിപിഐഎം ചെയ്യുന്നത്‌. കാഫിർ പ്രയോഗം സിപിഐഎമ്മിൻ്റെ പുതിയ തന്ത്രമാണെന്നും, യുഡിഎഫിന് വർഗീയ പ്രചാരണം നടത്തേണ്ട ആവശ്യം ഇല്ലെന്നും മുനീര്‍ പറഞ്ഞു.

തീക്കൊള്ളി കൊണ്ടാണ് എല്‍.ഡി.എഫ് തലചൊറിയുന്നത്. വടകരയില്‍ ഷാഫിക്കെതിരെ എല്‍.ഡി.എഫ് നടത്തിയത് ആശാസ്യകരമല്ലാത്ത പ്രചാരണമാണ്‌. കാഫിര്‍ വിവാദ ആരോപണം വന്നപ്പോള്‍ തന്നെ അത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്തിനാണ് സൈബര്‍ വിങ്ങിനെ പോലീസ് തീറ്റിപ്പോറ്റുന്നത് ? ഒരാഴ്ചയ്ക്കകം കാഫിര്‍ പ്രചരണം നടത്തിയവരെ പോലീസ് കണ്ടെത്തണം. ഇല്ലെങ്കില്‍ കേരളീയ പൊതുസമൂഹത്തോട് പോലീസിന് മറുപടി പറയേണ്ടി വരുമെന്നും മുനീര്‍ പറഞ്ഞു.