ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചത് എട്ടുവര്‍ഷത്തോളം, കെട്ടിടനികുതിയും അടച്ചില്ല; വടകര എടോടിയിലെ ഫര്‍ണിച്ചര്‍ സ്ഥാപനം അടച്ചുപൂട്ടി നഗരസഭ


വടകര: ലൈന്‍സില്ലാതെയും കെട്ടിട നികുതി അടക്കാത്തതിനെയും തുടര്‍ന്ന് വടകരയിലെ ഫര്‍ണിച്ചര്‍ സ്ഥാപനം നഗരസഭ അടച്ചുപൂട്ടി സീല്‍ ചെയ്തു. എടോടി പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന് മുന്‍വശത്തായി പ്രവര്‍ത്തിക്കുന്ന മുംതാസ് ഫര്‍ണിച്ചര്‍ സ്ഥാപനമാണ് അടച്ചുപൂട്ടിയത്.

എട്ട് വര്‍ഷത്തോളമായി സ്ഥാപനം അനധികൃതമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കെട്ടിടനികുതിയിനത്തില്‍ 30 ലക്ഷം രൂപയോളം അടയ്ക്കാനുണ്ടെന്ന് നഗരസഭ സെക്രട്ടറി ഹരീഷ് പറഞ്ഞു. പല തവണ കെട്ടിട ഉടമ, കടയുടമ എന്നിവര്‍ക്ക് ഇതു സംബന്ധിച്ച് നോട്ടീസ് നല്‍കിയെങ്കിലും സ്ഥാപനം ഇതുവരെയും നികുതി അടക്കാതെ പ്രവര്‍ത്തിക്കുകയായിരുന്നു.

തുടര്‍ന്നാണ് ബുധനാഴ്ച രാവിലെയോടെ നഗസഭ സെക്രട്ടറി എന്‍.കെ ഹരീഷിന്റെ ഉത്തരവ് പ്രകാരം സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.സി പ്രവീണിന്റെ നേതൃത്വത്തില്‍ സ്ഥാപനം അടച്ചുപൂട്ടി സീല്‍ ചെയ്തത്. പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.ജിഷ, എന്‍ നിഷാന്ത്, സിവി വിനോദ് എന്നിവര്‍ പങ്കെടുത്തു.