കെ.കെ ശൈലജയ്‌ക്കെതിരെയുള്ള ‘കാഫിർ’ പരാമർശത്തിൽ നടപടി വൈകുന്നു; വടകര എസ്പി ഓഫീസിലേക്ക് യുഡിവൈഎഫിന്റെ മാര്‍ച്ച്‌


വടകര: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശ ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയ്‌ക്കെതിരെ നടത്തിയ ‘കാഫിര്‍’ പരാമര്‍ശത്തില്‍ നടപടി വൈകുന്നുവെന്ന് ആരോപിച്ച് വടകര എസ്പി ഓഫീസിലേക്ക് യുഡിവൈഎഫ് മാര്‍ച്ച് സംഘടിപ്പിച്ചു. എം.കെ മുനീര്‍ എം.എല്‍.എ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മിസ്ഹബ് അധ്യക്ഷത വഹിച്ചു.

ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് കാസിമിന്റെ പേരിലായിരുന്നു വാട്‌സ്ആപ്പ് സന്ദേശം പ്രചരിച്ചത്. പിന്നാലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതിയും നല്‍കിയിരുന്നു. എന്നാല്‍ സന്ദേശം വ്യാജമാണെന്ന്‌ പറഞ്ഞ് യൂത്ത് ലീഗും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ പോലീസ് കൃത്യമായി അന്വേഷം നടത്തുന്നില്ല എന്നാരോപിച്ചാണ് യുഡിവൈഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.

11മണിയോടെ ഓഫീസിന് സമീപത്തെത്തിയ പ്രവര്‍ത്തകര്‍ ഏറെ നേരം പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ എസ്പി ഓഫീസിന് സമീപം വലിയ സുരക്ഷയാണ്‌ പോലീസ് ഒരുക്കിയത്.