കണ്ണിൽ കമ്പികയറ്റിയശേഷം കാഴ്ച നഷ്ടപ്പെടുത്തും; ദേശാടന പക്ഷികളെ ക്രൂരമായി കൊന്നു തിന്നുന്ന മൂവർ സംഘം കോഴിക്കോട് പിടിയിൽ


കോഴിക്കോട്: ദേശാടന പക്ഷികളെ അതിക്രൂരമായി വേട്ടയാടി ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പേർ കോഴിക്കോട് പിടിയിൽ. പന്നിക്കോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ മണികണ്ഠൻ, രാജേഷ്, രവി എന്നിവരാണ് പിടിയിലായത്. സംഘത്തിലെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു.

ആക്രി കച്ചവടവവുമായി എത്തിയതായിരുന്നു സംഘം. നാട്ടുകാരാണ് മൂന്ന് പേരെയും പിടികൂടിയത്. പൊലീസ് ഇവരെ വനം വകുപ്പിന് കൈമാറി.

പ്രാവ്, കൊക്ക് ഉൾപ്പെടെയുള്ള പക്ഷികളെയാണ് ഇവർ വേട്ടയാടിയിരുന്നത്. പക്ഷികളുടെ കണ്ണിൽ കമ്പിയോ മൊട്ടുസൂചിയോ കുത്തിക്കയറ്റിയ ശേഷം കാഴ്ച് നഷ്ടപ്പെടുത്തി അവയുടെ കാൽ കയറിൽ ബന്ധിപ്പിച്ചിടും. ചിറകിട്ടടിക്കുന്നത് കണ്ട് മറ്റ് പക്ഷികൾ എത്തുകയും അവയെ കൂട്ടമായി പിടികൂടുകയുമായിരുന്നു ചെയ്‌തിരുന്നത്‌. ഇവയെ കൊന്ന് തിന്നുകയോ കച്ചവടത്തിനായി കൊണ്ടുപോവുകയോ ആണ് ഇവർ ചെയ്‌തിരുന്നത്‌.