‘ഫുൾ എ പ്ലസ് ഒന്നുമില്ല, രണ്ട് എ പ്ലസ്, ബാക്കി എ യും ബി യും’, ഞാനെൻ്റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു; വെെറലായി മകനെ കുറിച്ച് വാപ്പ എഴുതിയ കുറിപ്പ്


മലപ്പുറം: മകന്റെ എസ്എസ്എൽസി ഫലത്തിൽ അഭിമാനത്തോടെ വാപ്പ എഴുതിയ കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറലാകുന്നു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയില്ലെന്ന് പരാതി പറയുന്ന രക്ഷിതാക്കൾക്ക് മാതൃക തീർക്കുകയാണ് മുഹമ്മദ് അബ്ബാസ് എന്ന വാപ്പ. ഡിവെെഎഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറിയായ ഇദ്ദേഹം മലപ്പുറം സ്വദേശിയാണ്.

രണ്ട് എ പ്ലസ് മാത്രം നേടിയ മകന്റെ വിജയത്തിലാണ് വാപ്പ അഭിമാനം കൊണ്ടത്. എന്നാൽ പഠനത്തിൽ മാത്രമല്ല, മകന്റെ ജീവിത ചര്യയിലായിരുന്നു വാപ്പയുടെ അഭിമാനം. പോസ്റ്റ് ഇതിനകം നിരവധി പേർ പങ്കുവെച്ചു കഴിഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഫുൾ എ പ്ലസ് ഒന്നുമില്ല. രണ്ട് എ പ്ലസ് , ബാക്കി എ യും , ബി യും .

ഞാനെൻ്റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു.

അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിന് ,

ഈ പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്നതിന് ,

സ്വന്തം വസ്ത്രങ്ങൾ അലക്കുകയും ,കഴിച്ച പാത്രങ്ങൾ കഴുകുകയും ,സ്വന്തം കിടപ്പിടം തുടക്കുകയും
മുറ്റമടിക്കുകയും ചെയ്യുന്നതിന് .

ഞാൻ കൊടുക്കുന്ന ചെറിയ പോക്കറ്റ് മണിയിൽ നിന്ന്, പോക്കറ്റ് മണി കിട്ടാത്ത കൂട്ടുകാർക്ക്
ഒരോഹരി കൊടുക്കുന്നതിന് ,

ഒരു ദിവസത്തെ വീട്ടു ചിലവിന് എത്ര രൂപ വേണമെന്ന് കൃത്യമായിട്ട് അറിവുള്ളതിന് ,

നന്നായിട്ട് പന്തു കളിക്കുന്നതിന് ,

ഈ ഭൂമിയിൽ എൻ്റെ മകനായി പിറന്നതിന് ഞാനവനോട് നന്ദി പറയുന്നു. ഏറ്റവും സ്നേഹത്തോടെ ഞാനവൻ്റെ നിറുകയിൽ ഉമ്മ വെയ്ക്കുന്നു.

ജീവിതത്തിലെ യഥാർത്ഥ പരീക്ഷകൾ വരാനിരിക്കുന്നതേയുള്ളൂ ,ഹാഷിമേ എന്ന് ഞാനവനോടു ഉറക്കെ പറയുന്നു.

ഒപ്പം ഫുൾ എ പ്ലസ് നേടിയ അവൻ്റെ കൂട്ടുകാരെയും ,മറ്റു കുട്ടികളെയും അഭിനന്ദിക്കുന്നു.

ഒത്തിരി സ്നേഹത്തോടെ, അതിലേറെ അഭിമാനത്തോടെ
മുഹമ്മദ് ഹാഷിമിൻ്റെ
ഉപ്പ ,
അബ്ബാസ്.