‘മണ്ണിലെ ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ മണ്ണിളക്കലും പുതയിടലും നടത്തണം’; വരൾച്ചയെ തുടർന്ന് കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ച് വിദഗ്ധസംഘം


കോഴിക്കോട്: വരൾച്ച മൂലം കൃഷിക്ക് സംഭവിച്ച നാശനഷ്ടങ്ങൾ നേരിൽ കണ്ടറിഞ്ഞ് കൃഷി വകുപ്പിലെ വിദഗ്ധസംഘം. ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലാണ് വിദഗ്ധ സംഘം ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി സന്ദർശനം നടത്തിയത്. കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കൃഷി ശാസ്ത്രജ്ഞരും ബ്ലോക്ക്-പഞ്ചായത്ത് തല കൃഷി ഉദ്യോഗസ്ഥരും അടങ്ങിയതായിരുന്നു സംഘം.

വരൾച്ചയുടെ ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുന്നതിനായി ഓരോ കൃഷി സ്ഥലങ്ങളിലും മഴവെള്ള സംഭരണി സ്ഥാപിക്കുകയും ജലസ്രോതസ്സുകൾ പരമാവധി നന്നാക്കി ഉപയോഗപ്പെടുത്തുകയും മണ്ണിലെ ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ മണ്ണിളക്കൽ, പുതയിടൽ പോലുള്ള കാർഷിക പ്രവൃത്തികൾ ചെയ്ത് മണ്ണ് സംരക്ഷിച്ചു നിർത്തുകയും മൈക്കോറൈസ പോലുള്ള സൂക്ഷ്മാണുക്കളെ മണ്ണിൽ വിന്യസിപ്പിച്ച്‌ സസ്യങ്ങളുടെയും മണ്ണിന്റെയും ആരോഗ്യം സംരക്ഷിച്ച് നിർത്തുകയും വേണം.

കോഴിക്കോട് കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജയേഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരായ ശ്രീവിദ്യ എം കെ, പ്രിയ മോഹൻ, ബിന്ദു ആർ, കൃഷി ശാസ്ത്രജ്ഞരായ ഡോ. ഷിജിനി എം, ഡോ. ശ്രീറാം, ഡോ. സഫിയ എൻ ഇ, കൃഷി ഓഫീസർമാരായ ഫൈസൽ, അഞ്ജലി, മൊയ്തീൻഷാ, രേണുക കൊള്ളീരി, രാജശ്രീ, ദർശന ദിലീപ് കെ സി തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.