11 കെവി ലൈനിൽ നിന്നും ഷോക്കേറ്റു, വടകരയിൽ ഓവർസിയറുടെ സമയോചിത ഇടപെടലിൽ തൊഴിലാളിക്ക് പുതുജീവൻ; സ്നേഹാദരവ്


വടകര: മാർക്കറ്റ് റോഡിൽ ജോലി സ്ഥലത്തു നിന്ന് 11 കെവി ലൈനിൽ നിന്നും ഷോക്കേറ്റ തൊഴിലാളിയെ രക്ഷിച്ച ഓവർസീയർ സികെ രഞ്ജിത്തിന് സ്നേഹാദരം നൽകി. വടകര കൂട്ടു കുടുംബം വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആദരവ് സംഘടിപ്പിച്ചത്.

കഴിഞ്ഞ ദിവസം വടകര മാർക്കറ്റ് റോഡില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര നവീകരിക്കുന്ന ജോലിയില്‍ ഏര്‍പെട്ട കുട്ടോത്ത് സ്വദേശിക്കാണ് അവിചാരിതമായി വെെദ്യുതാഘാതമേൽക്കുന്നത്. കുട്ടോത്ത് സ്വദേശി സത്യന് ജോലിക്കിടയില്‍ അവിചാരിതമായി 11 കെ.വി ഫീഡര്‍ ലൈനില്‍ നിന്നു വൈദ്യുതി ആഘാതമേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ് സത്യന്‍ ബോധരഹിതനായി തെറിച്ചു വീണു. ഈ സമയം അവിടെ എത്തിയ കെഎസ്ഇബി ബീച്ച് സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയര്‍ സി.കെ.രഞ്ജിത്തിനെ അവസരോഡിത ഇടപെടലാണ് സത്യന് തുണയായത്.

ബോധരഹിതനായി കിടക്കുന്ന സത്യന് കൃത്യസമയത്ത് സിപിആര്‍ കൊടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു. ഷോക്കേറ്റ് കിടക്കുന്ന സത്യന് എന്താണ് ചെയ്യേണ്ടത് എന്നറിയാതെ മറ്റുള്ളവർ പകച്ചുനിൽക്കുമ്പോഴായിരുന്നു രഞ്ജിത്തിന്റെ മാതൃകാ പ്രവർത്തനം.

ര‍ഞ്ജിത്തിനുള്ള സ്നേഹാദരവ് ചടങ്ങിൽ സവാദ് വടകര അധ്യക്ഷത വഹിച്ചു. സോഷ്യൽ വർക്കർ രാജേഷ് കെ മൊമന്റോ നൽകി ആദരിച്ചു. സീനിയർ സൂപ്രണ്ട് സന്ധ്യ റാണി, സബ് എൻജിനിയർ വിഷ്ണു എന്നിവർ സംസാരിച്ചു. ചടങ്ങിൽ വാട്സ്ആപ്പ് ഗ്രൂപ്പ്‌ മെയിൻ അഡ്മിൻ സിറാജ് കോട്ടക്കൽ, റിയാസ്, അമീർ, ഷബീർ, മഹ്‌റൂഫ്, കെഎസ്ഇബി ബീച്ച് ഓഫിസ് സ്റ്റാഫ്കൾ, മറ്റു പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു