ഇത്തവണയും നൂറ് മേനി, ജില്ലയിൽ ഒന്നാമത്; 252 കുട്ടികളുടെ ഫുൾ എ പ്ലസ് തിളക്കത്തിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ


വടകര: എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കെെവരിച്ച് മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ. ഇത്തവണയും നൂറ് ശതമാനം വിജയമാണ് സ്കൂൾ കരസ്ഥമാക്കിയത്. പരീക്ഷയെഴുതിയ 862 പേരും ഉന്നത പഠനത്തിന് യോ​ഗ്യത നേടി.

252 കുട്ടികളാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. 67 വിദ്യാർത്ഥികൾക്ക് 9 എപ്ലസ് ലഭിച്ചു. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനമാണ് മേമുണ്ടക്ക്. ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തി 100% വിജയവും, ഏറ്റവും കൂടുതൽ എ പ്ലസും നേടിയതിൽ സംസ്ഥാനത്തെ മികച്ച വിജയമാണ് മേമുണ്ടയുടേത്.

കഴിഞ്ഞ വർഷവും മേമുണ്ടയ്ക്കായിരുന്നു മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം. ജൂൺ മാസം മുതൽ ആരംഭിക്കുന്ന ചിട്ടയായ പരിശീലനമാണ് വിദ്യാർത്ഥികളെ ഈ നേട്ടത്തിന് അർഹരാക്കിയത്.

ഉപ വിദ്യാഭ്യാസഡയറക്ടർ സി മനേജ് കുമാർ സ്കൂളിലെത്തി വിദ്യാർത്ഥികളെ അനുമോദിച്ചു. വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും  അദ്ദേഹം മധുരം വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ പി കെ ജിതേഷ് മാഷ്, പി ടി എ പ്രസിഡണ്ട് ഡോ: എം വി തോമസ്, മാനേജ്മെന്റ് സിക്രട്ടറി പി പി പ്രഭാകരൻ, പി ടി എ മെമ്പർമാരായ ഇ എം മനോജ്കുമാർ, സി വി കുഞ്ഞമ്മദ്, സ്റ്റാഫ് സിക്രട്ടറി ടി പി രജുലാൽ, അധ്യാപകരായ പി എം സൗമ്യ, വി പി ബൈജു, രാഗേഷ് പുറ്റാറത്ത് എന്നിവർ സംസാരിച്ചു. ഈ മഹത്തായ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, അതിന് അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും ജീവനക്കാരെയും പിടിഎ യും മാനേജ്മെന്റും അഭിനന്ദിച്ചു.

ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് 99.69% ആണ് വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. കഴിഞ്ഞവര്‍ഷം 99.7 ശതമാനം ആയിരുന്നു വിജയം.

71831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധനവുണ്ട്. 68604 പേരാണ് കഴിഞ്ഞ വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.