രാത്രി വെെകിയും വോട്ടെടുപ്പ് തുടരുന്നു; കോഴിക്കോട് ജില്ലയിൽ ആകെ പോൾ ചെയ്തത് 74.05 % പേർ, വടകരയിൽ 74.90 %


വടകര: പതിനെട്ടാമത് പൊതുതെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ നിന്ന് 74.05% പേർ വോട്ട് ചെയ്തു. ആകെയുള്ള 26,54,327 വോട്ടർമാരിൽ 19,65,643 പേരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തിയത്. സ്ത്രീകളിൽ 76.01% വും പുരുഷന്മാരിൽ 71.95% വും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 25% പേരും വോട്ട് ചെയ്തു.

വടകര മണ്ഡലത്തിൽ 74.90% വും കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ 73.76% വും വോട്ട് ചെയ്തു. നിയമസഭ മണ്ഡല തലത്തിൽ കൂടുതൽ പേർ വോട്ട് ചെയ്തത് കുന്ദമംഗലത്തും (76.28%) കുറവ് വോട്ട് കോഴിക്കോട് നോർത്തിലുമാണ് (70.26%). ജില്ലയിൽ സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്.

പോളിംഗ് അവസാനിച്ച വൈകീട്ട് ആറ് മണി കഴിഞ്ഞപ്പോൾ 40 ശതമാനം പോളിംഗ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് പൂർത്തിയായത്. കൂടുതലും വടകര മണ്ഡലത്തിലെ ബൂത്തുകളിലാണ് വൈകിയിട്ടും വോട്ടെടുപ്പ് തുടർന്നത്. ആറ് മണിക്ക് വോട്ടിം​ഗ് സമയം അവസാനിച്ചപ്പോൾ വടകരയിലെ ​പോളിം​ഗ് ബൂത്തിൽ എത്തിയവർക്ക് ടോക്കൺ നൽകുകയായിരുന്നു. വടകരയിലെ ചില ബൂത്തുകളിൽ 500 ഓളം ആളുകളാണ് ടോക്കൾ വാങ്ങി വോട്ടു ചെയ്യാനായി ക്യൂ നിൽക്കുന്നത്. രാത്രി വെെകിയും വോട്ടിം​ഗ് തുടരുമെന്നാണ് ലഭിക്കുന്ന വിവരം.

വിവിപാറ്റ് യന്ത്രം തകരാറിലായതുകാരണം നരക്കോട് വോട്ടിങ് നടപടികള്‍ നീളുന്നു. നരക്കോട് എല്‍.പി സ്‌കൂളിലെ 113ാം നമ്പര്‍ ബൂത്തിലാണ് സംഭവം. വോട്ടെടുപ്പ് കഴിയുന്ന ആറുമണിക്കുശേഷവും അന്‍പതോളം പേര്‍ ക്യൂവില്‍ ടോക്കണ്‍ ലഭിച്ച് കാത്തിരിപ്പുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിവിപാറ്റ് തകരാലായത്. രണ്ടുമണിക്കൂറായി വോട്ടര്‍മാര്‍ കാത്തിരിപ്പാണ്. പകരം യന്ത്രം കൊണ്ടുവന്നശേഷം വോട്ടിങ് നടപടികള്‍ വീണ്ടും പുനരാരംഭിച്ചു.

ജില്ലയിൽ ആകെ 2248 പോളിം​ഗ് ബൂത്തുകളാണ് ഉള്ളത്. 1766 ബൂത്തുകളിൽ വോട്ടിം​ഗ് പൂർത്തിയായി. ശേഷിക്കുന്ന 482 ബൂത്തുകളിൽ വോട്ടെടുപ്പ് തുടരുകയാണ്.

ഉച്ച ഒരു മണി പിന്നിട്ടപ്പോൾ ജില്ലയിൽ 35 ശതമാനമായിരുന്നു പോളിംഗ്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ 82.48 % വും കോഴിക്കോട് 81.46% ആയിരുന്നു വോട്ടിംഗ് ശതമാനം.

നിയമസഭ മണ്ഡല തലത്തിലെ ശതമാനം

വടകര ലോക്സഭ മണ്ഡലം

വടകര-75.39
പേരാമ്പ്ര-76.20
കൊയിലാണ്ടി-75.11
നാദാപുരം-73.07
കുറ്റ്യാടി-72.17
തലശ്ശേരി-75.86
കൂത്തുപറമ്പ്-76.48

കോഴിക്കോട് ലോക്സഭ

ബാലുശ്ശേരി-74
എലത്തൂർ-75.37
കോഴിക്കോട് നോർത്ത്-70.26
കോഴിക്കോട് സൗത്ത്-71.05
ബേപ്പൂർ-73.85
കുന്ദമംഗലം-76.28
കൊടുവള്ളി-75.52

തിരുവമ്പാടി (വയനാട് ലോക്സഭ മണ്ഡലം)-73.29