വിശപ്പും ചൂടും സഹിച്ച് ക്യൂവില്‍ നിന്നത് മണിക്കൂറുകളോളം; വടകര കോട്ടപ്പള്ളി പൈങ്ങോട്ടായി ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളിലെ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി 11.10ന്


വടകര: കോട്ടപ്പള്ളി പൈങ്ങോട്ടായി ഗവണ്‍മെന്റ് യുപി സ്‌ക്കൂളിലെ ബൂത്തിലെ വോട്ടെടുപ്പ് ഇന്നലെ പൂര്‍ത്തിയായത് അര്‍ദ്ധരാത്രിയോടെ. സ്‌ക്കൂളിലെ 119-ാം ബൂത്തിലെ വോട്ടെടുപ്പ് ഇന്നലെ 11.10നാണ് പൂര്‍ത്തിയായത്. വൈകുന്നേരം ആറ് മണിയോടെ വോട്ടിംഗ് സമയം അവസാനിച്ചതോടെ ക്യൂവില്‍ നിന്ന വോട്ടര്‍മാര്‍ക്ക് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കി.

ശേഷം അഞ്ചുമണിക്കൂര്‍ അധിക സമയത്തിന് ശേഷമാണ് വോട്ടിംഗ് പൂര്‍ണമായും അവസാനിപ്പിച്ചത്. ഉച്ചയ്ക്ക് ശേഷമാണ് കൂടുതല്‍ പേരും വോട്ട് ചെയ്യാനെത്തിയത്. മാത്രമല്ല ഓപ്പണ്‍ വോട്ട് ചെയ്യാനുള്ളവരും രാത്രിയില്‍ കാത്തുനിന്നിരുന്നു. എന്നാല്‍ 10മണി കഴിഞ്ഞതോടെ പലരും വോട്ട് രേഖപ്പെടുത്താതെ മടങ്ങുകയും ചെയ്തു.

രാത്രി പത്ത് മണിവരെ 1040 പേരായിരുന്നു ബൂത്തില്‍ വോട്ട് ചെയ്തത്. വോട്ടിംഗ് സമയത്തിന് ശേഷം നൂറിലേറെ പേരാണ് ക്യൂവില്‍ കാത്തുനിന്നത്. രാത്രി 11.10ന് വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ 1154 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം കോട്ടപ്പള്ളി എംഎല്‍പി സ്‌ക്കൂളിലായിരുന്നു 119-ാം ബൂത്ത്. ആദ്യമായിട്ടാണ് പൈങ്ങോട്ടായി സ്‌ക്കൂളിലേക്ക് മാറ്റിയത്. കോട്ടപ്പള്ളി എംഎല്‍പി സ്‌ക്കൂളിലെ ബൂത്തിലും വോട്ടെടുപ്പ് പത്ത് മണിക്കാണ് അവസാനിച്ചത്.