പ്ലാസ്റ്റിക് പടിക്ക് പുറത്ത്; വടകരയില്‍ മാതൃകാ ഹരിതബൂത്തുക്കള്‍ ഒരുക്കി നഗരസഭ, ഏറ്റെടുത്ത് ജനം


വടകര: പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്താക്കി വടകരയില്‍ നഗരസഭ ഒരുക്കിയ ഹരിതബൂത്തുക്കള്‍ ശ്രദ്ധേയമായി. ഹരിത ചട്ടം പാലിച്ച് രണ്ട് മാതൃകാബൂത്തുകളാണ് ഇത്തവണ വടകരയില്‍ ഒരുക്കിയത്. വീരഞ്ചേരിയിലെ എസ്പിഎച്ച് വിലാസം ശിവാനന്ദ സ്‌ക്കൂള്‍, പാക്കയില്‍ ജെബി സ്‌ക്കൂള്‍ എന്നിവിടങ്ങളിലാണ് ഹരിത ബൂത്തുകള്‍ ഉണ്ടാക്കിയത്.

കുരത്തോല, കൊന്നപ്പൂക്കള്‍, ചേമ്പില തുടങ്ങിയവ കൊണ്ട് അലങ്കരിച്ച ഹരിത ബൂത്തുകള്‍ കാണാനും ഏറെ കൗതുകമായി. ഒപ്പം ബൂത്തുകളില്‍ മണ്‍കൂജയില്‍ വെള്ളവും സ്റ്റീല്‍ ഗ്ലാസുകളും കരുതിയിരുന്നു. ജൈവ-അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കനായി ഓലകൊണ്ടുള്ള ചവറ്റുകൊട്ടകളും ബൂത്തുകളില്‍ ഒരുക്കിയിരുന്നു. വോട്ട് ചെയ്ത് മടങ്ങുമ്പോള്‍ പല വോട്ടര്‍മാരും ബൂത്തുകളില്‍ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.

ഹരിത ഇലക്ഷൻ എന്നുള്ള ലക്ഷ്യം മുൻനിർത്തി മാലിന്യമുക്ത നവ കേരളത്തിലേക്കുള്ള ചുവടു കൂടിയായാണ് നഗരസഭ ഇത്തരത്തില്‍ മാതൃകാഹരിത ബൂത്ത് ഒരുക്കിയത്‌. ജില്ലാ ശുചിത്വമിഷനുമായി സംയോജിച്ചായിരുന്നു ഹരിത ബൂത്ത് പ്രവർത്തനങ്ങൾ.