ചരിത്രം ആവർത്തിച്ച് മടപ്പള്ളി ജി.വി.എച്ച്.എസ്.എസ്; നൂറ് ശതമാനം വിജയം, 112 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്


വടകര: ചരിത്രം ആവര്‍ത്തിച്ച് മടപ്പള്ളി ഗവണ്‍മെന്റ് വൊക്കേഷണൽ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ഇത്തവണയും എസ്.എസ്.എല്‍.സിയില്‍ നൂറുമേനി കൊയ്തിരിക്കുകയാണ് ഈ സ്‌കൂള്‍.

576 പേര്‍ പരീക്ഷയെഴുതിയതിയതില്‍ മുഴുവന്‍ പേരും വിജയിച്ചുവെന്നതിനൊപ്പം 112 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയെന്നത് സ്‌കൂളിന്റെ വിജയത്തിന് മാറ്റുകൂട്ടുന്നു. കഴിഞ്ഞതവണ 103 വിദ്യാർത്ഥികൾക്കായിരുന്നു മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്. പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ എണ്ണത്തിലും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിലും ഇത്തവണ വർദ്ധനവുണ്ട്.

എസ്എസ്എൽസി പരീക്ഷാ ഫലം വന്നപ്പോൾ വടകര വി​ദ്യാഭ്യാസ ജില്ലയിൽ നിന്ന് ഉന്നത പഠനത്തിന് യോ​ഗ്യത നേടിയത് 16049 പേർ. ഇവരിൽ 8002 ആൺകുട്ടികളും 8047 പെൺകുട്ടികളും ഉൾപ്പെടുന്നു. 99.95 ആണ് വിജയ ശതമാനം. 16057 പേരാണ് പരീക്ഷ എഴുതിയത്. വടകര മേഖലയിലെ നിരവധി വിദ്യാലങ്ങൾ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളെയും ഉന്നത പഠനത്തിന് യോ​ഗ്യരാക്കി നൂറുമേനി വിജയം കെെവരിച്ചു.