‘വടകരയില്‍ പോളിങ് മന്ദഗതിയില്‍, ബൂത്തുകളില്‍ ആവശ്യത്തിന്‌ ഉദ്യോഗസ്ഥരില്ല’; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ.കെ രമ എംഎല്‍എ


വടകര: വടകരയില്‍ പോളിങ് മന്ദഗതിയിലെന്ന് കെ.കെ രമ എംഎല്‍എ. പോളിങ്ങ് സമയം പകുതിയോളമെത്തുമ്പോള്‍ 31 ശതമാനം മാത്രം പേര്‍ക്കാണ് വോട്ട് ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടുള്ളുവെന്നും, ഇത് ആശങ്കാജനകമാണെന്നും രമ പറഞ്ഞു.

വോട്ട് ചെയ്തതിനുശേഷം ബീപ് ശബ്ദം വരാന്‍ ഏറെ നേരം സമയമെടുക്കുന്നുണ്ടെന്നും, പോളിങ് ഉദ്യോഗസ്ഥര്‍ വടകരയില്‍ കുറവാണെന്നും രമ പറഞ്ഞു.

ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇതിന് പിന്നില്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടോ എന്ന് പോലും സംശയം ഉണ്ട്. സംഭവത്തില്‍ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും രമ മാധ്യമങ്ങളോട് പറഞ്ഞു.

ഉച്ചയായിട്ടും നീണ്ട ക്യൂവിന് കുറവില്ല. ഇത്തരത്തിലാണ് പോകുന്നതെങ്കില്‍ പോളിങ് രാത്രിയായാലും തീരില്ല. സംഭവം കളക്ടറുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.