ഇന്നലെ മുതൽ കാണാതായ മകനെ തിരഞ്ഞിറങ്ങിയ അമ്മ കണ്ടത് അബോധാവസ്ഥയിൽ കിടക്കുന്ന മകനെ, ലഹരി ഉപയോ​ഗിച്ചതായി സൂചന; ഒഞ്ചിയത്തെ യുവാക്കളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്


ഒഞ്ചിയം: നെല്ലാച്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അമിതമായി ലഹരി ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്ത് നിന്നും ഉപയോഗിച്ച സിറിഞ്ചുകള്‍ പോലീസ് കണ്ടെത്തിയിരുന്നു.

മരിച്ച അക്ഷയിയെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് അമ്മ നടത്തിയ തിരച്ചിലിലാണ് പറമ്പില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് വിവരമിറഞ്ഞ് എത്തിയ നാട്ടുകാരാണ് എടച്ചേരി പോലീസില്‍ വിവരം അറിയിച്ചത്.

മരണപ്പെട്ട രന്‍ദീപും, അക്ഷയും മുമ്പും ലഹരി മരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. നെല്ലാച്ചേരി പള്ളിക്ക് പിന്നിലായുള്ള പറമ്പില്‍ ഇരുവരും സ്ഥിരമായി ഇരിക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ആറുമാസം മുമ്പ് പറമ്പില്‍ ഇരുന്ന് ഇരുവരും ലഹരി മരുന്ന് ഉപയോഗിച്ചതായി സംശയം തോന്നി നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചിരുന്നു. ഇവര്‍ക്കൊപ്പം മറ്റു ചിലരും പറമ്പില്‍ സ്ഥിരമായി വരാറുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

നിലവില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ഇവര്‍ക്കൊപ്പം അവശനിലയില്‍ കണ്ടത്തിയ ചെറുതുരുത്തി സ്വദേശി ശ്രീരാജ് പോലീസിന്റെ കസ്റ്റഡിയിലാണ്.