ഒഞ്ചിയത്ത് ആളൊഴിഞ്ഞ പറമ്പില്‍ യുവാക്കള്‍ മരിച്ച സംഭവം; ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എടച്ചേരി പോലീസ്‌


ഒഞ്ചിയം: നെല്ലാച്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എടച്ചേരി പോലീസ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഓര്‍ക്കേട്ടരി കാളിയത്ത് ശങ്കരന്റെ മകന്‍ രന്‍ദീപ്(30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകന്‍ അക്ഷയ്(21) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം പറമ്പില്‍ അവശനിലയില്‍ കണ്ടെത്തിയ ചെറുതുരുത്തി സ്വദേശി ശ്രീരാജിനെ വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് നെല്ലാച്ചേരി പള്ളിയുടെ പിറകിലെ ആളൊഴിഞ്ഞ പറമ്പില്‍ യുവാക്കളുടെ മൃതദേഹം കണ്ടെത്തിയത്.

മരിച്ച അക്ഷയിയെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് അമ്മ നടത്തിയ തിരച്ചിലിലാണ് പറമ്പില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന മകനെ കണ്ടെത്തിയത്. തുടര്‍ന്ന് വിവരമിറഞ്ഞ് എത്തിയ നാട്ടുകാരാണ് എടച്ചേരി പോലീസില്‍ വിവരം അറിയിച്ചത്.

മരണപ്പെട്ട രന്‍ദീപും, അക്ഷയും മുമ്പും ലഹരി മരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. നെല്ലാച്ചേരി പള്ളിക്ക് പിന്നിലായുള്ള പറമ്പില്‍ ഇരുവരും സ്ഥിരമായി ഇരിക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ആറുമാസം മുമ്പ് പറമ്പില്‍ ഇരുന്ന് ഇരുവരും ലഹരി മരുന്ന് ഉപയോഗിച്ചതായി സംശയം തോന്നി നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചിരുന്നു. ഇവര്‍ക്കൊപ്പം മറ്റു ചിലരും പറമ്പില്‍ സ്ഥിരമായി വരാറുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.