വേനല്‍ച്ചൂടിലും തളരാത്ത ആവേശം, ടീച്ചര്‍ക്കൊപ്പമെന്ന് തെളിയിച്ച് സ്വീകരണകേന്ദ്രങ്ങള്‍; കെ.കെ ശൈലജ ടീച്ചറുടെ തലശ്ശേരി നിയോജകമണ്ഡലത്തിലെ പൊതുപര്യടനം പുരോഗമിക്കുന്നു


തലശ്ശേരി: എൽഡിഎഫ് വടകര പാർലമെന്റ് മണ്ഡലം സ്ഥാനാർഥി കെ.കെ ശൈലജ ടീച്ചറുടെ തലശ്ശേരി നിയോജകമണ്ഡലത്തിലെ പൊതുപര്യടനം പുരോഗമിക്കുന്നു. രാവിലെ അരയാക്കൂൽ നിന്നും ആരംഭിച്ച പര്യടനത്തിന്‌ ആവേശം നിറഞ്ഞ സ്വീകരണമാണ് ഒരോ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നത്‌.

തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർഥിയെ കാണാൻ വേനൽ ചൂടിനെ മറികടന്നു കൊണ്ട് നിരവധിയാളുകളാണ് സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്നത്‌. ജനങ്ങളാകെ ഇടതു പക്ഷത്തിനൊപ്പം നിൽക്കുന്ന കാഴ്ചയാണ് വടകരയും കേരളവും കണ്ടു കൊണ്ടിരിക്കുന്നതെന്ന് കെ.കെ ശൈലജ ടീച്ചർ പറഞ്ഞു.

ടി.വി അനന്തൻ നായർ ക്ലബ്ബ് കുണ്ടുചിറ, നള്ളച്ചേരി, പെരുന്താറ്റിൽ, മഠത്തും ഭാഗം, ചിറമ്മൽ മാപ്പിള സ്കൂൾ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണം പൂർത്തിയായി. രാത്രി മനേക്കരയിലാണ് പര്യടനം അവസാനിക്കുക.

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ, തലശ്ശേരി നിയോജകമണ്ഡലം സെക്രട്ടറി എംസി പവിത്രൻ മറ്റു എൽഡിഎഫ് നേതാക്കളും പര്യടനത്തിന്റെ ഭാഗമായി.