നാദാപുരത്ത്‌ പ്രിസൈഡിംഗ് ഓഫീസര്‍മാരെ മാറ്റി; നടപടി ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന്‌


നാദാപുരം: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് നാദാപുരത്തെ രണ്ട് ബൂത്തുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരെ മാറ്റി. ഓഫീസര്‍മാരെ മാറ്റിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ അറിയിച്ചു.

നാദാപുരം നിയമസഭാ മണ്ഡലത്തിലെ 61,162 പോളിങ് സ്‌റ്റേഷനുകളിലെ ഓഫീസര്‍മാരെയാണ് മാറ്റിയത്. ഓപ്പണ്‍ വോട്ടിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ്‌ നടപടിയെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

അതേ സമയം വടകരയില്‍ പോളിങ്ങ് മന്ദഗതിയിലാണെന്ന് കെ.കെ രമ എംഎല്‍എ ആരോപിച്ചു. പോളിങ്ങ് സമയം പകുതിയോളമെത്തുമ്പോള്‍ 31 ശതമാനം മാത്രം പേര്‍ക്കാണ് വോട്ട് ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടുള്ളുവെന്നും, ഇത് ആശങ്കാജനകമാണെന്നും രമ പറഞ്ഞു. വോട്ട് ചെയ്തതിനുശേഷം ബീപ് ശബ്ദം വരാന്‍ ഏറെ നേരം സമയമെടുക്കുന്നുണ്ടെന്നും, പോളിങ് ഉദ്യോഗസ്ഥര്‍ വടകരയില്‍ കുറവാണെന്നും രമ പറഞ്ഞു.