ഒരിക്കൽ കൂടി നാട്ടിലേക്ക്, വിനോദയാത്രാ വിശേഷങ്ങൾ പങ്കുവെക്കാനല്ല, അന്ത്യകർമ്മങ്ങൾക്കായി; കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച നാദാപുരം സ്വദേശി സഫ്‌വാന്റെ ഖബറടക്കം നാളെ


നാദാപുരം: വിനോദയാത്ര കഴിഞ്ഞ് തിരികെ എത്തുന്ന മകനെയും കാത്തിരിക്കുന്ന കുടുംബാം​ഗങ്ങൾക്കും സുഹൃത്തുക്കൾക്കും അരികിലേക്ക് സഫ്‌വാൻ വീണ്ടുമെത്തും, ചിരിച്ച മുഖത്തോടെയല്ല, നിശ്ചലനായി. കാശ്മീരിലുണ്ടായ വാഹനാപകടത്തിലാണ് നാദാപുരം സ്വദേശി സഫ്‌വാന് ജീവൻ നഷ്ടമായത്. ഇന്നലെ രാത്രിയിലായിരുന്നു നാടിനെ നടുക്കിയ അപകടം നടക്കുന്നത്.

സഫ്‌വാന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂർത്തിയായി. മൃതദേഹം വിമാനമാർ​ഗം നാളെ ബാം​ഗ്ലൂരിലും തുടർന്ന് വാഹനമാർ​ഗം വീട്ടിലുമെത്തിക്കും. വെെകീട്ട് ഏഴ് മണിയോടെ ഖബറടക്കും നടക്കും. നാദാപുരം മൊതാക്കര ജുമാ മസ്ജിദിലായിരിക്കും ഖബറടക്കം.

തിരുവനന്തപുരത്തെ ഐടി കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച സഫ്‌വാൻ. ഏപ്രില്‍ 26-നാണ് സഫ്‌വാൻ സഹപ്രവർത്തകർക്കും സഹപാഠികൾക്കും ഒപ്പം കാശ്മീരിലേക്ക് യാത്ര തിരിച്ചത്. ഏറെ സന്തോഷത്തോടെയുള്ള യാത്രയിൽ വാഹനാപകടത്തിന്റെ രൂപത്തിൽ സഫ്‌വാനെ മരണം കവർന്നെടുക്കുകയായിരുന്നു.

ജമ്മു- ശ്രീനഗര്‍ ദേശീയപാതയില്‍ റമ്പാന്‍ ജില്ലയിലെ ബനിഹാളിലെ ഷബന്‍ബാസില്‍ ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ടെംപോ ട്രാവലര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്നു ട്രാവലര്‍.

അപകട വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും സഫ്‌വാൻ മരിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം. ട്രാവലറിലെ 16 യാത്രക്കാരില്‍ 12 പേരും മലയാളികളായിരുന്നു.

അബ്ദുള്ളയുടെയും റംലയുടെയും മകനാണ്. സഫൂഡ് സഹോദരനാണ്.