കുട്ടികളുടെ പ്രിയപ്പെട്ട നൃത്താധ്യാപിക, നാടിന് നൊമ്പരമായി സുലോചനയുടെ ആകസ്മിക മരണം; ആംബുലന്‍സ് അപകടത്തില്‍ മരിച്ച സുലോചനയ്ക്ക് നാടിന്റെ യാത്രാമൊഴി


നാദാപുരം: കോഴിക്കോട് ആംബുലന്‍സ് അപകടത്തില്‍ മരിച്ച കക്കംവെള്ളി മാണിക്കോത്ത് സുലോചനയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. അതിരാവിലെ തന്നെ നാദാപുരം മേഖലയില്‍ മരണവാര്‍ത്ത എത്തിയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട നാട്ടുകാരിയെ നഷ്ടമായതിന്റെ വേദനയിലാണ് കക്കംവെള്ളി പ്രദേശവാസികള്‍.

മികച്ച നൃത്താധ്യാപികയായ സുലോചനയുടെ ശിക്ഷണത്തില്‍ നിരവധി പേരാണ് സ്‌ക്കൂള്‍ കലോത്സവങ്ങളില്‍ മത്സരിച്ചിട്ടുള്ളത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയെ ഒരുനോക്ക് കാണാനായി നൂറുകണക്കിന് പേരാണ് ഇന്നലെ മാണിക്കോത്ത് വീട്ടിലേക്ക് ഒഴുകിയെത്തിയത്. അസുഖബാധിതയായതിനെ തുടര്‍ന്ന് അടുത്തിടെയാണ് സുലോചന നൃത്തം പഠിപ്പിക്കുന്നത് നിര്‍ത്തിയത്‌.

മൃതദേഹം വൈകിട്ട് അഞ്ച് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു അടിയന്തര ശസ്ത്രക്രിയയ്ക്കായി ആസ്റ്റംസ് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ ആംബുലന്‍സിന് തീപിടിച്ച് സുലോചന ദാരുണമായി മരിച്ചത്. വാഹനത്തിലുണ്ടായ ഡോക്ടര്‍ അടക്കം ആറുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാല്‍ ആംബുലന്‍സ് സ്‌ട്രെച്ചറില്‍ ബെല്‍റ്റിട്ട് കിടത്തിയതിനാല്‍ സുലോചനയ്ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല. ചില്ലുകള്‍ തകര്‍ത്താണ് മറ്റുള്ളവര്‍ രക്ഷപ്പെട്ടത്. പിന്നാലെ നിമിഷങ്ങള്‍ക്കകം തീ ആളിപ്പടര്‍ന്ന് ആംബുലന്‍സ് കത്തുകയായിരുന്നു.

പരേതരായ ഗോവിന്ദൻ പണിക്കരുെടയും (മുതുകാട്) അമ്മിണിയുടെയും മകളാണ് സുലോചന. മക്കൾ: ഡോ.പല്ലവി എസ്.ചന്ദ്രൻ, പ്രണവ് എസ്.ചന്ദ്രൻ (എൻജിനിയർ). മരുമക്കൾ: ശ്രീനാഥ് (നിലമ്പൂർ), ആര്യ പ്രസന്നൻ. സഹോദരങ്ങൾ: സുകുമാരൻ (മുതുകാട്), സിന്ധു (പേരാമ്പ്ര).