വൈസ് പ്രസിഡന്റ് രാജി വെക്കണമെന്ന് ആവശ്യം; ബാനറുമായി എല്‍ഡിഎഫ് മെമ്പര്‍മാര്‍, പിന്നാലെ ഉന്തും തള്ളും, നാദാപുരം ഗ്രാമ പഞ്ചായത്ത് ബോർഡ് യോഗത്തിൽ കയ്യാങ്കളി


നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ബോര്‍ഡ് യോഗത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് ജനപ്രതിനിധികള്‍ തമ്മില്‍ സംഘര്‍ഷം. ഇന്ന് ഉച്ചയോടെയാണ് സംഭവം. അശ്ശീല വിഡീയോ പ്രചരിക്കുന്നു എന്നാരോപിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി വെക്കണമെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എല്‍ഡിഎഫ് മെമ്പര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.

പിന്നാലെ കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതിസയോഗത്തില്‍ നിന്നും മെമ്പര്‍മാര്‍ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. ഇന്ന് നടത്തിയ ബോര്‍ഡ് യോഗത്തിലും എല്‍ഡിഎഫ് മെമ്പര്‍മാര്‍ വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

എന്നാല്‍ ഇതിനിടെ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും കൂട്ടാളികളും ബാനര്‍ പിടിച്ചു നശിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് എട്ടാംവാര്‍ഡ് മെമ്പര്‍ എ.കെ ബിജിത്ത് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. പിന്നാലെ മെമ്പര്‍മാര്‍ തമ്മില്‍ ഉന്തും തള്ളുമായതോടെ പോലീസ് ഇടപെടുകയായിരുന്നു.

ശേഷം പഞ്ചായത്ത് ഓഫീസിനുള്ളില്‍ ഇവര്‍ പ്രതിഷേധിച്ചു. മെമ്പര്‍ പി.പി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മെമ്പര്‍ ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. വി.പി കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. മെമ്പര്‍മാരായ നിഷ, എ.കെ ബിജിത്ത്, റോഷ്‌ന എന്നിവര്‍ സംസാരിച്ചു.