ചില്ലുകള്‍ തകര്‍ത്ത് പുറത്തേക്ക് ചാടി, സ്‌ട്രെച്ചറില്‍ ബെല്‍റ്റിട്ടതിനാല്‍ സുലോചനയ്ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല; കൂട്ടുകാരിയുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്നതിന്റെ നടുക്കത്തില്‍ നാദാപുരം കക്കംവെള്ളി സ്വദേശി പ്രസീത


നാദാപുരം: നിനച്ചിരിക്കാത്ത നേരത്ത് വന്ന ദുരന്തത്തെക്കുറിച്ച് വിവരിക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണ് കക്കംവെള്ളി പുതിയാറക്കല്‍ പ്രസീത. ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് വൈദ്യുതി പോസ്റ്റിലിടിച്ച് ആംബുലന്‍സ് കത്തിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട പ്രസീതയ്ക്ക് ഇത് രണ്ടാംജന്മം തന്നെയാണ്.

അപകടത്തില്‍ വെന്തുമരിച്ച മാണിക്കോത്ത് സുലോചനയും പ്രസീതയും തമ്മില്‍ വര്‍ഷങ്ങളുടെ ബന്ധമുണ്ട്. അയല്‍ക്കാരായ ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലും നല്ല സൗഹൃദത്തിലാണ്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുലോചനയ്ക്ക് കൂട്ടിരിക്കാന്‍ പോയതായിരുന്നു പ്രസീത. ഇതിനിടെ അടിയന്തരിമായി ശസ്ത്രക്രിയയ്ക്കായി ആംസ്റ്റര്‍ മിംസിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു ആശുപത്രിക്ക് സമീപത്ത് വച്ച് ആംബുലന്‍സ് അപകടത്തില്‍പ്പെടുകയും സുലോചന വെന്തു മരിക്കുകയും ചെയ്തത്.

പ്രസീതയും ഡോക്ടറുമടക്കം ഏഴു പേരായിരുന്നു അപകട സമയത്ത് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. എന്നാല്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ ഉടന്‍ തന്നെ ചില്ലുകള്‍ പൊട്ടിച്ച് എല്ലാവരും പുറത്തേക്ക് വന്നു. ആംബുലന്‍സ് സ്‌ട്രെച്ചറില്‍ ബെല്‍റ്റിട്ട് കിടത്തിയതിനാല്‍ സുലോചനയ്ക്ക് ആംബുലന്‍സില്‍ നിന്നും രക്ഷപ്പെടാന്‍ സാധിച്ചില്ല. പിന്നാലെ നിമിഷങ്ങള്‍ക്കകം തീ ആളിപ്പടര്‍ന്ന് സുലോചന വെന്തുമരിക്കുയായിരുന്നു.

അപകടത്തില്‍ പ്രസീതയുടെ ചുണ്ടിനും കൈക്കുമാണ് പരിക്കേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രസീതയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. താടിയെല്ലിനും പരിക്കേറ്റതിനാല്‍ നിലവില്‍ സംസാരിക്കാന്‍ സാധിക്കില്ല. ഇന്നലെ വൈകുന്നേരത്തോടെ മാണിക്കോത്ത് വീട്ടിലായിരുന്നു സുലോചനയുടെ സംസ്‌കാര ചടങ്ങുകള്‍. നൃത്താധ്യാപിക കൂടിയായ സുലോചനയെ അവസാനമായി ഒരുനോക്ക് കാണാന്‍ നിരവധി പേരാണ് ഇന്നലെ വീട്ടിലേക്ക് എത്തിയത്.