സേവനരംഗത്തെ നിറ സാന്നിധ്യം, വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും കൂട്ടായ് നിന്നു ; കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച നാദാപുരം സ്വദേശി സഫ്‌വാന് കണ്ണീരോടെ വിട നൽകി നാട്


നാദാപുരം: കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച നാദാപുരം സ്വദേശി ഇയ്യങ്കോട് പുത്തൻപീടികയിൽ സഫ്‌വാന് കണ്ണീരോടെ വിട നൽകി നാട്.  സഫ്‌വാന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂർത്തിയാക്കി മൃതദേഹം വിമാനമാർ​ഗം ബാം​ഗ്ലൂരിൽ എത്തിച്ചു. തുടർന്ന് വാഹനമാർ​ഗം വീട്ടിലെത്തിക്കുകയായിരുന്നു. നാട്ടിലെത്തിച്ച മ‍‍ൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ മൊദാക്കര പള്ളിയിൽ ഇന്നലെ രാത്രി കബറടക്കി. നാട്ടിലെ എല്ലാ കാര്യങ്ങൾക്കും മുൻനിരയിൽ നിന്നു പ്രവർത്തിച്ചിരുന്ന സഫ്‌വാന്റെ അപ്രതീക്ഷിത വിയോ​ഗം എല്ലാവരെയും ഏറെ ദു:ഖത്തിലാഴ്ത്തിയിരുന്നു.

കോവിഡ് സമയത്ത് ആർ.ആർ.ടി. വൊളന്റിയറായി മികച്ചസേവനം നടത്തിയിരുന്ന വ്യക്തിയായിരുന്നു സഫ്‌വാൻ. പ്രളയസമയത്തും ഇയ്യങ്കോട് പ്രദേശത്ത് സേവനരംഗത്ത് നിറഞ്ഞ സാന്നിധ്യമായിരുന്നു. നാദാപുരം ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ സി.കെ. നാസറിന്റെ നേതൃത്വത്തിൽ ഇയ്യങ്കോട് പ്രദേശത്ത് രൂപവത്കരിച്ച വിദ്യാഭ്യാസക്കൂട്ടായ്മയായ ഇഗ്നൈറ്റ് ഇയ്യങ്കോടിന്റെ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുവഹിച്ചിരുന്നു. ഇനി നാടിന്റെ സാമൂഹ്യ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ സഫ്‌വാൻ ഇല്ല.

തിരുവനന്തപുരത്തെ ഐടി കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച സഫ്‌വാൻ. ഏപ്രില്‍ 26-നാണ് സഫ്‌വാൻ സഹപ്രവർത്തകർക്കും സഹപാഠികൾക്കും ഒപ്പം കാശ്മീരിലേക്ക് യാത്ര തിരിച്ചത്. ജമ്മു- ശ്രീനഗര്‍ ദേശീയപാതയില്‍ റമ്പാന്‍ ജില്ലയിലെ ബനിഹാളിലെ ഷബന്‍ബാസില്‍ മെയ് 1-ന് രാത്രിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ടെംപോ ട്രാവലര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്നു ട്രാവലര്‍.