നടുക്കം മാറാതെ നാദാപുരം; കശ്മീരിൽ ട്രാവലർ അപകടത്തിൽപ്പെട്ട്‌ മരിച്ച നാദാപുരം സ്വദേശി സഫ്‌വാന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു


നാദാപുരം: കശ്മീരിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ട്‌ മരിച്ച നാദാപുരം സ്വദേശി സഫ്‌വാന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. നടപടികള്‍ പൂര്‍ത്തിയായ ഉടന്‍ തന്നെ മൃതദേഹം നാട്ടിലേക്ക് വിമാനമാര്‍ഗം എത്തിക്കും. മരണപ്പെട്ട സഫ്‌വാനുമായി ബന്ധമുള്ള ആളുകള്‍ കശ്മീരിലുണ്ട്. അവരുടെ നേതൃത്വത്തിലാണ് മൃതദേഹം അയക്കാനുള്ള നടപടി ക്രമങ്ങള്‍ നടക്കുന്നത്.

ജമ്മു- ശ്രീനഗര്‍ ദേശീയപാതയില്‍ റമ്പാന്‍ ജില്ലയിലെ ബനിഹാളിലെ ഷബന്‍ബാസില്‍ ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ടെംപോ ട്രാവലര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്നു ട്രാവലര്‍.

അപകട വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും സഫ്‌വാൻ മരിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം. ട്രാവലറിലെ 16 യാത്രക്കാരില്‍ 12 പേരും മലയാളികളാണ് എന്നാണ് ലഭിക്കുന്ന വിവരം.

തിരുവനന്തപുരത്തെ ഐടി കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച സഫ്‌വാൻ. ഇയാളുടെ സഹപ്രവര്‍ത്തകരും സഹപാഠികളുമാണ് ട്രാവലറില്‍ ഉണ്ടായിരുന്നത്. ഏപ്രില്‍ 26നാണ് നാട്ടില്‍ നിന്നും കാശ്മീരിലേക്ക് സംഘം യാത്ര തിരിച്ചത്.

ഗുരുതരമായ പരിക്കേറ്റ മലപുറം സ്വദേശി ബാസിം അബ്ദുള്‍ ബാരി സൗറ സ്‌കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. അസ്ഹര്‍,വാസിഫ് , നിസാം, തല്‍ഹത്ത് , മാജിദ്, സുഹൈല്‍,ശ്യാമില്‍, നവീദ്, സിറാജ്, എന്നിവരെ അനന്ത നാഗ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ മുന്‍ ബിഫാം വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടവരിൽ ആറുപേര്‍.