കല്ലാച്ചി മിനി ബൈപ്പാസ് റോഡില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് അപകടം; നടന്നുപോവുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്


നാദാപുരം: കല്ലാച്ചി മിനി ബൈപ്പാസ് റോഡില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാനിടിച്ച് കാല്‍നട യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ചിയ്യൂര്‍ സ്വദേശികളായ പാറേമ്മല്‍ ഹരിപ്രിയ, എഴുത്തുപള്ളി പറമ്പത്ത് അമയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം.

പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഗുരുതരമായ പരിക്കേറ്റ ഹരിപ്രിയയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വാണിമേല്‍ ഭാഗത്ത് നിന്ന് ഗ്യാസ് സിലിണ്ടറുമായി വന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം റോഡരികിലൂടെ നടന്നുപോവുകയായിരുന്നു വിദ്യാര്‍ത്ഥികളെ ഇടിക്കുകയായിരുന്നു. റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് വണ്ടി നിന്നത്. പോസ്റ്റിനും വണ്ടിക്കും ഇടയിലായി ഹരിപ്രിയ കുടുങ്ങിപ്പോവുകയായിരുന്നു.