കേരള പോലീസിനൊപ്പം സെൻട്രല്‍ ആംഡ് പോലീസും; ശക്തമായ സുരക്ഷയിൽ വടകര മണ്ഡലത്തിലെ 43 ബൂത്തുകൾ, ചിത്രങ്ങൾ കാണാം


പേരാമ്പ്ര: മാവോവാദി ഭീഷണിയുള്ളതിനാൽ കനത്ത സുരക്ഷയാണ് ജില്ലയിലെ പോളിം​ഗ് ബൂത്തുകളിൽ വോട്ടിം​ഗ് നടക്കുന്നത്. ഭീഷണിയുള്ള വടകര മണ്ഡലത്തിലെ 43 ബൂത്തുകളില്‍ പ്രത്യേക സുരക്ഷയാണ് ഒരുക്കിയത്. പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷനില്‍ ആറ് പോളിങ് കേന്ദ്രത്തിലെ എട്ട് ബൂത്തുകളിലും കൂരാച്ചുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു പോളിങ് കേന്ദ്രത്തിലെ ഒരു ബൂത്തും മാവോവാദി പ്രശ്‌ന ബാധിത ബൂത്തുകളെന്ന നിലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത്.

ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽപ്പെട്ട മുതുകാട് കളക്ടീവ് ഫാം എൽ.പി. സ്‌കൂൾ, മുതുകാട് പേരാമ്പ്ര പ്ലാന്റേഷൻ ജി.എച്ച്.എസ്.എസ്., പെരുവണ്ണാമൂഴി ഫാത്തിമ മാത യു.പി. സ്കൂൾ, ചെമ്പനോട സെയ്ന്റ് ജോസഫ് യു.പി. സ്കൂൾ എന്നിവിടങ്ങളിലെ ഓരോ ബൂത്തും കുറ്റ്യാടി ജലസേചനപദ്ധതിയുടെ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ ഓഫീസിലെയും പൂഴിത്തോട് ഐ.സി.യു.പി. സ്കൂളിലെയും രണ്ടുബൂത്തുകൾ വീതവുമാണ് മാവോവാദി പ്രശ്നസാധ്യതാബൂത്തുകളെന്ന് കണക്കാക്കിയിട്ടുള്ളത്. കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം ജി.എൽ.പി. സ്കൂളിലെ 62-ാം ബൂത്താണ് മാവോവാദി ഭീഷണി പട്ടികയിലുള്ള മറ്റൊരു ബൂത്ത്‌.

വോട്ടെടുപ്പ് സുരക്ഷിതവും സമാധാനപൂര്‍ണവുമാക്കുന്നത് ശക്തമായ സുരക്ഷാ സന്നാഹമാണ് ജില്ലയില്‍ ഒരുക്കിയത്. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി 2289 പോലീസ് സേനാംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. സെന്ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സിലെ 472 പേരും ഡ്യൂട്ടിയിലുണ്ട്. കൂടാതെ ഓരോ സ്‌റ്റേഷന് കീഴിലും അഞ്ച് വാഹനങ്ങള്‍ ഇന്ന് നിരന്തരം പെട്രോളിങ് നടത്തുന്നുണ്ട്. ഇതിന് പുറമെ പ്രത്യേകം സ്‌ട്രൈക്കിങ്ങ് ഫോഴ്‌സുകളും ബൂത്തുകളിലുണ്ട്.