വേർപിരിയേണ്ടിവരുമെന്ന പേടി; മാഹി ബൈപ്പാസില്‍ നിന്നും പാത്തിക്കല്‍ പുഴയിലേക്ക് ചാടിയത് ആത്മസുഹൃത്തുക്കളായ പെണ്‍കുട്ടികള്‍


വടകര: മാഹി ബൈപ്പാസില്‍ നിന്നും ആത്മഹത്യ ചെയ്യാനായി ഒളവിലം പാത്തിക്കല്‍ പുഴയിലേക്ക് പെണ്‍കുട്ടികള്‍ ചാടിയത് വേര്‍പിരിയേണ്ടി വരുമെന്ന പേടിയെ തുടര്‍ന്നെന്ന് വിവരം. ആത്മസുഹൃത്തുക്കളായിരുന്നുവെന്നും വേര്‍പിരിയേണ്ടി വരുമെന്ന സാഹചര്യമുണ്ടാകുന്നത് ഭയന്നാണ് പുഴയില്‍ ചാടിയതെന്നുമാണ് പെണ്‍കുട്ടികളിലൊരാള്‍ പോലീസിന് മൊഴി നല്‍കിയത്.

ഇന്നലെ ഉച്ചയോടെയാണ് 19ഉം 18ഉം വയസുള്ള പെണ്‍കുട്ടികള്‍ സ്‌ക്കൂട്ടറില്‍ എത്തി പുഴയിലേക്ക് എടുത്ത് ചാടിയത്. പെണ്‍കുട്ടികള്‍ ചാടുന്നത് കരയില്‍ നിന്നും കണ്ട പാത്തിക്കല്‍ സ്വദേശികളായ രാജേഷ്, പ്രേമന്‍, ബഷീര്‍ എന്നിവര്‍ ഉടന്‍ തോണിയിറക്കി കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. മാഹിയിലേക്ക്‌ വരികയായിരുന്ന ഇവര്‍ സ്‌ക്കൂട്ടര്‍ മാഹി ബൈപ്പാസ് റോഡില്‍ സ്‌ക്കൂട്ടര്‍ ഉപേക്ഷിക്കുകയായിരുന്നു.

തുടര്‍ന്ന് ചൊക്ലി മെഡിക്കല്‍ സെന്ററിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒരു പെണ്‍കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെങ്കിലും അപകടനില തരണം ചെയ്തു. പെണ്‍കുട്ടികളെ കാണാത്തതുമായി ബന്ധപ്പെട്ട് വീട്ടുകാരുടെ പരാതിയില്‍ എലത്തൂര്‍, ചേവായൂര്‍ പോലീസ് സ്‌റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.