കാസര്‍ഗോഡ് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം



കാസര്‍ഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും മക്കളുമാണ് മരിച്ചത്. ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ പുതുമന വീട്ടില്‍ ശിവകുമാര്‍ (54),മക്കളായ ശരത്ത് (23) സൗരവ് (15) എന്നിവരാണ് മരിച്ചത്.

മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് ശിവകുമാറും മക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. കാസര്‍കോടുനിന്നും മംഗളൂരുവിലേക്ക് പോയ ആംബുലന്‍സാണ് കാറുമായി കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം.

കാസര്‍കോട് നിന്നും മംഗളൂരുവിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സും മംഗലാപുരം ഭാഗത്ത് നിന്ന് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. രണ്ടുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ പരിക്കേറ്റ ആംബുലന്‍സിലുണ്ടായിരുന്ന രോഗി ഉഷ, ശിവദാസ്, ഡ്രൈവര്‍ എന്നിവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ആംബുലന്‍സ് തെറ്റായ ദിശയില്‍ കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരുവില്‍നിന്ന് തൃശൂരിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍.