ചൂട് കൂടിയതോടെ വെെദ്യുതി ഉപയോ​ഗത്തിലും വർദ്ധനവ്; രണ്ട് മാസം വടകര സർക്കിളിൽ രേഖപ്പെടുത്തിയത് 167.46 ദശലക്ഷം യൂണിറ്റ് ഉപഭോഗം


കോഴിക്കോട്: വേനൽ ചൂട് പൊള്ളിച്ച ഫെബ്രുവരി, മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ കോഴിക്കോട് ജില്ലയിലെ ആകെ വൈദ്യുതി ഉപഭോഗം 602.34 ദശലക്ഷം യൂണിറ്റ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 529.47 ദശലക്ഷം യൂണിറ്റ് ഉപയോഗിച്ചിടത്താണിത്

എ സി, ഫാൻ, ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് എന്നിവയുടെ ഉപയോഗം കുത്തനെ വർധിച്ചതോടെയാണ് വൈദ്യുതി ഉപഭോഗം കൂടിയതെന്ന് കെ എസ് ഇ ബി പറയുന്നു. ഫെബ്രുവരി മാസം ജില്ലയിൽ 189.82 ദശലക്ഷം യൂണിറ്റ് ഉപയോഗം രേഖപ്പെടുത്തിയപ്പോൾ അടുത്ത മാസത്തെ ഉപയോഗം 192.78 ദശലക്ഷം യൂണിറ്റ് ആയി ഉയർന്നു. ഏപ്രിലിലെ ഉപഭോഗം വീണ്ടും ഉയർന്നു 219.74 ദശലക്ഷം യൂണിറ്റ് ആയി.

ജില്ലയിലെ വൈദ്യുതി ഉപഭോഗം കണക്കാക്കുന്നത് രണ്ട് കെ എസ് ഇ ബി സർക്കിളുകളിലെ ആകെ ഉപഭോഗം കണക്കാക്കിയാണ്, കോഴിക്കോട് സർക്കിളും വടകര സർക്കിളും.

2024 ഫെബ്രുവരി-ഏപ്രിൽ കാലയളവിൽ വടകര സർക്കിളിൽ ഇത് 167.46 ദശലക്ഷം യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തിയപ്പോൾ ഇതേ മാസങ്ങളിൽ കോഴിക്കോട് സർക്കിളിൽ ഇത് 434.88 ദശലക്ഷം യൂണിറ്റ് ആണ്.

ഈ വർഷം ഉപഭോഗം കൂടിയ സമയം (പീക്ക് ടൈം) രാത്രി 10 മുതൽ പുലർച്ചെ രണ്ട് വരെയാണ്. കഴിഞ്ഞ വർഷം ഇത് വൈകീട്ട് ആറ് മുതൽ രാത്രി 10 വരെയായിരുന്നു.