കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; മരണം വീട്ടിലേക്ക് സന്ദേശമയച്ചതിന് പിന്നാലെ


കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മൂന്നാം വര്‍ഷ ബിടെക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ യോഗേശ്വര്‍ നാഥാണ് മരിച്ചത്.

ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. ഹോസ്റ്റര്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിക്കുകയായിരുന്നു. മഹാരാഷ്ട്ര സ്വദേശിയാണ് യോഗേശ്വര്‍.

ആത്മഹത്യ ചെയ്യുകയാണെന്ന് വീട്ടുകാര്‍ക്ക് സന്ദേശം അയച്ചതിന് ശേഷമായിരുന്നു ജീവനൊടുക്കിയത്. സന്ദേശം ലഭിച്ചയുടന്‍ തന്നെ വീട്ടുകാര്‍ വാര്‍ഡനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹോസ്റ്റല്‍ മുറ്റത്ത് രക്തം വാര്‍ന്ന നിലയില്‍ യോഗേശ്വറിനെ കണ്ടെത്തിയത്.

ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ അധ്യായന വര്‍ഷം നാല് കുട്ടികളാണ് ഇവിടെ ആത്മഹത്യ ചെയ്തത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)