നഷ്ടമായത് നാടിന്റെ വികസനത്തിന് എന്നും മുന്നില്‍ നിന്ന പ്രിയ നേതാവിനെ; കാര്‍ത്തികപ്പള്ളിയിലെ മുതിര്‍ന്ന സിപിഐ നേതാവ് കെ.വി കൃഷ്ണന് നാടിന്റെ യാത്രാമൊഴി


പൊന്‍മേരി: മുതിര്‍ന്ന സിപിഐ നേതാവ് കെ.വി കൃഷ്ണന് നാടിന്റെ യാത്രാമൊഴി. ഇന്നലെയായിരുന്നു പൊന്‍മേരി – കാര്‍ത്തികപ്പള്ളി പ്രദേശങ്ങളിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും മുതിര്‍ന്ന സിപിഐ നേതാവുമായ കെ.വി കൃഷ്ണന്റെ മരണം. പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരു നോക്ക്‌ കാണാനായി ഇന്നലെ നൂറുകണക്കിന് പേരാണ് വീട്ടിലേക്ക് എത്തിയത്‌.

കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ കുറച്ച് കാലമായി അദ്ദേഹം വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഏഴു പതിറ്റാണ്ട് നീണ്ട പൊതുജീവിതത്തില്‍ എന്നും നാടിന്റെ വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. പൊന്മേരി കാര്‍ത്തികപ്പള്ളി പ്രദേശങ്ങളില്‍ പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിരുന്നു.

സിപിഐ കാര്‍ത്തികപ്പള്ളി ബ്രാഞ്ച് സെക്രട്ടറി, അഖിലേന്ത്യ കിസാന്‍ സഭ മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഒപ്പം വില്യാപ്പള്ളി ജയ കേരള കലാവേദി സ്ഥാപകന്‍ കൂടിയാണ്. കലാവേദി അതരിപ്പിച്ച നാടകങ്ങളില്‍ നടനായും അഭിനയിച്ചിരുന്നു. ഇതിനെല്ലാം പുറമെ മികച്ച കര്‍ഷകന്‍ കൂടിയായിരുന്നു. പൊന്‍മേരിയിലെ പൊന്‍കതിര്‍ കാര്‍ഷിക കൂട്ടായ്മയുടെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു.

അച്ഛന്‍: പരേതനായ ചാത്തു. അമ്മ: പരേതയായ മാത. ഭാര്യ: നളിനി.

മക്കള്‍: ജയ്ദീപ് മാസ്റ്റർ (ജിഎച്ച്എസ്എസ് മണിയൂർ, കൈറ്റ് – കോഴിക്കോട്), മനോജ് (ദുബായ്), സ്വപ്നസത്യനാഥ് (എടച്ചേരി).

മരുമക്കള്‍: രേഖ (കേരള ബാങ്ക് – വില്ലാപ്പള്ളി), ഷൈനി, സത്യനാഥ് (സലാല).

സഹോദരങ്ങള്‍: ജാനു (പുതുപ്പണം), കെ.വി രാഘവൻ, പരേതരായ കുഞ്ഞിരാമൻ, കല്യാണി, ഗോപാലൻ, കുമാരൻ, നാണു, കരുണൻ (വിമുക്തഭടൻ), രാജൻ (വിമുക്തഭടൻ).