‘ആദ്യം നടന്നുപോയി, പിന്നാലെ അതേ വഴിയിൽ തിരിച്ചുപോയി’; മരുതോങ്കരയിൽ പുലിയെ കണ്ടതായി വീട്ടുകാർ


മരുതോങ്കര: മരുതോങ്കര പഞ്ചായത്തിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. ഗ്രാമപഞ്ചായത്തിലെ മുള്ളൻകുന്ന് മുണ്ടവയൽ ഭാഗത്ത് തടത്തിൽ ജിമ്മിയുടെ വീടിന് സമീപത്തുകൂടെ പുലി കടന്നുപോകുന്നത് കണ്ടതായാണ് പറയുന്നത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

ജിമ്മിയുടെ മകൾ വീടിന്റെ ഒന്നാം നിലയിലിരുന്നു പഠിക്കുകയായിരുന്നു. ഈ സമയം വീടിന് സമീപത്തുകൂടെ പുലി നടന്നു പോയെന്നും കുറച്ച് സമയം കഴി‍ഞ്ഞ് അതുവഴി തിരികെ പോയെന്നുമാണ് പറയുന്നത്. തുടർന്ന് നാട്ടുാകരും പോലീസും ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.

ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർ വ്യത്യസ്തങ്ങളായ പുലിയുടെ ഫോട്ടോ കുട്ടിയെ കാണിച്ചിരുന്നു. ഇതിൽ നിന്നും കുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അത് പട്ടിപുലിയാകാനാണ് സാധ്യതയെന്ന് ഫോറസ് ഉദ്യോ​ഗസ്ഥർ പറഞ്ഞതായി വാർഡ് മെമ്പർ തോമസ് കാഞ്ഞിരത്തിങ്കൽ വടകര. ന്യൂസിനോട് പറഞ്ഞു.

മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിൽ പൃക്കൻതോടിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി നായയെ പുലി കൊന്നു തിന്നിരുന്നു. പിന്നാലെ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർ പുലിയെ പിടിക്കുന്നതിനായി കൂടൊക്കെ സ്ഥാപിച്ചിരുന്നെങ്കിലും പുലി പിന്നീട് അതുവഴി വന്നിരുന്നില്ല. ഇതിന് പിന്നാലെ ചക്കിട്ടപാറ പഞ്ചായത്തിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.