കീട ബാധമൂലം ഈന്ത് നശിക്കുന്നു; പുറമേരി പഞ്ചായത്തിൽ ഈന്ത് സംരക്ഷണ സമിതി രൂപീകരിച്ചു


പുറമേരി: ഗ്രാമ പഞ്ചായത്തിൽ ഈന്ത് സംരക്ഷണ സമിതി രൂപീകരിച്ചു. പഞ്ചായത്ത്‌ പരിധിയിൽ ഈന്ത് പൂർണ്ണമായും പ്രത്യേക കീട ബാധനിമിത്തം നശിച്ചു പോവുന്നത് ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിച്ചത്. ഒരു മനുഷ്യായുസ്സിന് മുകളിൽ വർഷം കൊണ്ട് വളർന്നു വരുന്ന ഈന്ത് മരങ്ങൾ നശിച്ചു പോവാതെ സംരക്ഷിക്കണമെന്ന് യോഗം വിലയിരുത്തി.

വ്യാപകമായി ഈന്ത് ഉണങ്ങുന്നതിന് കാണാൻ കഴിയാത്ത ഒരു തരം കീടങ്ങൾ നിമിത്തമാണ്. അവയെ നശിപ്പിക്കാൻ ഇലകൾ പൂർണ്ണമായും കത്തിച്ചു കളഞ്ഞ് വേപ്പെണ്ണയും സോപ്പും കലർത്തിയ മിശ്രിതം ഈന്തിൽ സ്പ്രേ ചെയ്തുകൊടുക്കണമെന്ന് വിദഗ്ധർ നിർദ്ദേശിച്ചു. വീടുകളിൽ ഈന്ത് ഉള്ളവർ എല്ലാവരും ചെയ്തെങ്കിൽ മാത്രമേ കീടത്തെ തുരത്താൻ കഴിയൂ.. ആതിനാൽ മാർച്ച്‌ 24 ന് ഈ പ്രവൃത്തി നടത്തുന്നതിനും ഈന്ത് സംരക്ഷണ ദിനമായി ആചരിക്കാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ വി കെ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ സി എം വിജയൻ മാസ്റ്റർ, മെമ്പർ കെ കെ ബാബു, ഡോ. ദിലീപ്, അസിസ്റ്റന്റ് കൃഷി ഓഫീസർ രാജീവൻ എന്നിവർ സംസാരിച്ചു. ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ, കർഷകർ തുടങ്ങിയവർ സംബന്ധിച്ചു.