കരളിനെ മറക്കല്ലേ..! കരളിന്റെ ആരോഗ്യത്തിന് ആഹാരത്തോടൊപ്പം ഉള്‍പ്പെടുത്താം ഇവയൊക്കെ


രീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമായ കരളിന്റെ ആരോഗ്യം അല്‍പ്പം ശ്രദ്ധിക്കാമിനി. കരള്‍ രോഗങ്ങള്‍ ഇന്ന് പലരിലും സര്‍വ്വ സാധാരണമാവുന്ന സാഹചര്യത്തില്‍ ഇവയെ സംരക്ഷിക്കാന്‍ ശരിയായ ഭക്ഷണ ക്രമവും ചിട്ടയായ ആരോഗ്യ പരിപാലനവും അത്യാവശ്യമാണ്. കരളിന്റെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.

ആപ്പിള്‍

നമുക്ക് ഏറ്റവും പരിചിതമായ ആപ്പിള്‍ തന്നെയാണ് ഇവയില്‍ പ്രധാനപ്പെട്ടത്. ആപ്പിിള്‍ ഒരുപാട് രോഗങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുന്ന പഴമാണ്. ഒരു ദിവസം ഒരു ആപ്പിള്‍ കഴിച്ചാല്‍ രോഗത്തെ അകറ്റാം എന്നാണ് പറിയപ്പെടുന്നത്. കരളിനെ ബാധിക്കുന്ന പ്രധാന അസുഖമായ കരള്‍വീക്കത്തിനെ തടയാന്‍ ആപ്പിള്‍ സഹായിക്കും. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തിനും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ആപ്പിള്‍ കഴിക്കുന്നത് ഗുണം ചെയ്യും.

ബെറി പഴങ്ങള്‍

ബെറി പഴങ്ങള്‍ കരള്‍ രോഗത്തെ തടയുന്നതില്‍ പ്രധാനിയാണ്. ബെറി പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫൈബറും ആന്റി ഓക്‌സിഡന്റുകളും, വിറ്റാമിന്‍ സിയും കരളിന്റെ ശരിയായ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്‌ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. ‘നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍’ അഥവാ മദ്യപാനം മൂലമല്ലാതെ പിടിപെടുന്ന കരള്‍വീക്കത്തിനെ തടയാന്‍ ബെറി പഴങ്ങള്‍ സഹായിക്കും. ഒപ്പം ഇവ ദഹനം മെച്ചപ്പെടുത്തുകയും ഹൃദ്രോഗത്തില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.

മുന്തിരി

കരളിന്റെ ആരോഗ്യത്തിന് മുന്തിരി കഴിക്കുന്നത് ഏറെ നല്ലതാണ്. ‘പോളിഫെനോള്‍സ്’ എന്ന ആന്റി ഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇവ കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

അവക്കാഡോ

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ഇവ നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ തടയാന്‍ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. വിറ്റാമിന്‍ സി, ഇ, കെ, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങി നിരവധി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതാണ് അവക്കാഡോ. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇവ സഹായിക്കും. കൂടാതെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും അവക്കാഡോ പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്.