വിദ്യാർത്ഥി പ്രതിഭകളുടെ കരകൗശല പ്രദർശനം, കേരളീയ ഭക്ഷ്യമേള, പ്രദർശന പവിലിയൻ; ഇരിങ്ങല്‍ അന്താരാഷ്ട്ര കലാ-കരകൗശല മേളയ്ക്ക് ഡിസംബർ 22 ന് തുടക്കം


പയ്യോളി: സര്‍ഗാലയ ഇന്റര്‍നാഷണല്‍ ആര്‍ട്സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജ് ഇരിങ്ങല്‍ അന്താരാഷ്ട്ര കലാ-കരകൗശല മേള ഡിസംബര്‍ 22 മുതല്‍ 2024 ജനുവരി 8 വരെ നടക്കും. സര്‍ഗാലയുടെ പതിനൊന്നാമത് വാര്‍ഷിക കരകൗശല മേളയുടെ ഔദ്യാഗിക ഉദ്ഘാടനം ഡിസംബര്‍ 22ന് വൈകീട്ട് ആറ് മണിക്ക് എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വ്വഹിക്കും.

400 ല്‍പ്പരം കരകൗശല വിദഗ്ദര്‍ ഒരുക്കുന്ന കരകൗശല പ്രദര്‍ശന വിപണന മേള, ഭാരത സര്‍ക്കാര്‍ വസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡവലപ്പ്‌മെന്റ് കമ്മിഷണര്‍ ഓഫ് ഹാന്‍ഡിക്രാഫ്ട്സ് ഒരുക്കുന്ന കരകൗശല പ്രദര്‍ശനം, എന്നിവ മേളയില്‍ ഉണ്ടാകും.

വനം വന്യജീവി വകുപ്പ് ഒരുക്കുന്ന പ്രദർശന പവിലിയൻ , സമഗ്ര ശിക്ഷാ കേരള ഒരുക്കുന്ന സംസ്ഥാന ജേതാക്കളായ വിദ്യാർത്ഥി പ്രതിഭകളുടെ കരകൗശല പ്രദർശനം, പ്രതിഭകളുടെ കരകൗശല പ്രദർശനം, പരിസ്ഥിതിയുടെ പരിരക്ഷയ്ക്ക് ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരണത്തിനായുള്ള ഗ്രീൻ മൊബിലിറ്റി എക്സ്പോ , വൈവിധ്യമേറിയ കലാപരിപാടികൾ, കേരളീയ ഭക്ഷ്യമേള, ഉസ്ബെക്കിസ്ഥാൻ ഫുഡ് ഫെസ്റ്റ്, ഹൗസ് ബോട്ട്, പെഡൽ, മോട്ടോർ ബോട്ട് എന്നിവ ഒരുക്കുന്നുണ്ട്.

18 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മേളയില്‍ ഈ വര്‍ഷം ശ്രീലങ്ക പാര്‍ട്ണര്‍ രാജ്യമായി പങ്കെടുക്കും. 11 രാജ്യങ്ങളിലെ കരകൗശല വിദഗ്ധര്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 400 ഓളം കരകൗശല വിദഗ്ദ്ധര്‍ എന്നിവര്‍ മേളയില്‍ പങ്കെടുക്കും.

നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഡെസ്റ്റിനേഷന്‍സിന്റെ ലോകത്തെ ഏറ്റവും മികച്ച നൂറു സുസ്ഥിര വികസന സ്റ്റോറികളില്‍ ഇടം നേടി അന്താരാഷ്ട്ര നേട്ടത്തിന്റെ നിറവിലാണ് മേള സംഘടിപ്പിക്കുന്നത്. ഭാരത സര്‍ക്കാര്‍ വിനോദസഞ്ചാര വകുപ്പ്, വസ്ത്ര മന്ത്രാലയം, കേരള സര്‍ക്കാര്‍ വിനോദസഞ്ചാര വകുപ്പ്, നബാര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.