പയ്യോളി ‘മിനി ഗോവ’യിലെ പുഴയിലെ ഒഴുക്കില്‍പ്പെട്ട് എട്ടുവയസുകാരി; രക്ഷകനായി വടകര കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിലെ കോസ്റ്റല്‍ വാര്‍ഡന്‍ ആകാശ് വി.വി


പയ്യോളി: കൊളാവി ബീച്ചിലെ ‘മിനി ഗോവ’യില്‍ കളിക്കാനിറങ്ങി പുഴയിലെ ഒഴുക്കില്‍പ്പെട്ടുപോയ എട്ടുവയസുകാരിയെ രക്ഷപ്പെടുത്തി വടകര കോസ്റ്റല്‍ പോലീസിലെ കോസ്റ്റര്‍ വാര്‍ഡര്‍ ആകാശ് വി. ഇന്നലെ ആറ് മണിയോടെയാണ് സംഭവം. തിക്കോടി സ്വദേശിനിയായ കുട്ടി കുടുംബത്തോടൊപ്പം മിനി ഗോവ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇന്നലെ.

പുഴയില്‍ ഇറങ്ങി കളിക്കുന്നതിനിടെ പെട്ടെന്ന് വേലിയേറ്റം ഉണ്ടാവുകയും കുട്ടി അതില്‍പ്പെട്ടു പോവുകയുമായിരുന്നു. ഉടന്‍ തന്നെ കുട്ടിയുടെ അച്ഛന്‍ പുഴയിലേക്ക് ഇറങ്ങി രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും പരാജപ്പെട്ടു. ഇതോടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആകാശ് വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് എത്തുകയും പുഴയിലേക്ക് എടുത്തുചാടി കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തത്.

കൃത്യസമയത്ത് രക്ഷിക്കാന്‍ സാധിച്ചതിനാലാണ് വലിയ അപകടം ഒഴിവായത്. കുട്ടിക്ക് മറ്റ് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. 2021ല്‍ മിനി ഗോവയിലെ പുഴയിലെ ഒഴുക്കില്‍പ്പെട്ട് പതിനൊന്നുകാരി മരിച്ചിരുന്നു. മണിയൂര്‍ മുതുവന കുഴിച്ചാലില്‍ റിജുവിന്റെ മകള്‍ സനോമിയ ആയിരുന്നു മരിച്ചത്. അനുജന്‍ സിയോണിന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിനായി എത്തിയതായിരുന്നു കുട്ടി. ഇതിനിടെ ശക്തമായ തിരക്കൊപ്പം കുട്ടി ഒഴുകിപ്പോവുകയായിരുന്നു.