മരണത്തിനു കീഴടങ്ങിയത് സഹോദരന് കരള്‍ പകുത്തുനല്‍കിയതിനു ശേഷമുണ്ടായ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ; പയ്യോളി അട്ടക്കുണ്ട് സ്വദേശി നസ്‌റുദ്ദീന്റെ അകാല വിയോഗത്തില്‍ വേദനയോടെ നാട്


പയ്യോളി: അട്ടക്കുണ്ട് മുച്ചിരാം കടവത്ത് നസ്‌റുദ്ദീ (32)ന്റെ അകാല വിയോഗത്തിന്റെ നൊമ്പരത്തിലാണ് പ്രദേശവാസികള്‍. കരള്‍രോഗം ബാധിച്ച മൂത്ത സഹോദരന്റെ ജീവന്‍ നിലനിര്‍ത്താന്‍  കരള്‍ പകുത്തുനല്‍കിയ യുവാവ് ഇതേ തുടര്‍ന്നുണ്ടായ അണുബാധയെത്തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

സഹോദരന്‍ നൗഷലിന് കരള്‍ നല്‍കിയശേഷം രോഗബാധിതനായ നസ്‌റുദ്ദീനും പിന്നീട് കരള്‍മാറ്റ ശസ്ത്രക്രിയ നടത്തേണ്ടിവന്നു. എന്നാല്‍, ഇതുകൊണ്ടും നസ്‌റുദ്ദീന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 57 ദിവസത്തെ ചികിത്സയ്ക്കിടയില്‍ ബുധനാഴ്ച രാത്രിയോടെ നസ്‌റുദ്ദീന്‍ മരണത്തിന് കീഴടങ്ങി.

പുണെയിലെ ആശുപത്രിയില്‍ വച്ച് ജനുവരി മൂന്നിനായിരുന്നു സഹോദരന്റെ കരള്‍മാറ്റശസ്ത്രകിയ നടന്നത്. കരള്‍ സ്വീകരിച്ച നൗഷല്‍ സുഖംപ്രാപിച്ചു. എന്നാല്‍, കരള്‍ നല്‍കിയ നസ്‌റുദ്ദീന്റെ ആരോഗ്യനില മൂന്നുദിവസം കഴിഞ്ഞപ്പോള്‍ പ്രയാസത്തിലാവുകയായിരുന്നു. ഓരോ അവയവങ്ങളും പിന്നീട് പ്രവര്‍ത്തിക്കാതായി. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ അണുബാധയാണെന്ന് കാരണമായത്. ഒടുവില്‍ നസ്‌റുദ്ദീന്റെയും കരളും മാറ്റിവെയ്‌ക്കേണ്ടതായി വന്നു. പക്ഷേ, അണുബാധ പിന്നെയും പിടികൂടിയതോടെ മരണം സംഭവിക്കുകയായിരുന്നു.

ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിച്ച മൃതദേഹം വീട്ടില്‍ പൊതു ദര്‍ശനത്തിനു ശേഷം ഇന്നലെ രാത്രി 8.30 ഓടെ തുറയൂര്‍ ചരിച്ചില്‍ പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ കബറടക്കി.

ഉപ്പ: മൊയ്തു. ഉമ്മ: മറിയം. ഭാര്യ: ഷബാന. മകന്‍: നഹിയാന്‍ മുഹമ്മദ്. സഹോദരങ്ങള്‍: നവാസ്, നൗഷല്‍, നജീബ്, നബസാര്‍.