ദേശീയ പാതയില്‍ ഇരിങ്ങലില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിന് മുകളിലേക്ക് വീണ് അപകടം; റോഡില്‍ ഗതാഗത തടസം അനുഭവപ്പെട്ടു


പയ്യോളി: ദേശീയ പാതയില്‍ ഇരിങ്ങലില്‍ വാഹനാപകടം. ഒരാള്‍ക്ക് പരിക്ക്. നിയന്ത്രണംവിട്ട കാര്‍ മറ്റൊരു കാറിന് മുകളില്‍ വീണാണ് അപകടമുണ്ടായിരിക്കുന്നത്. കാര്‍ ഡ്രൈവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തിന്റെ ഭാഗമായി റോഡില്‍ ഏറെ നേരം ഗതാഗത തടസം അനുഭവപ്പെട്ടു.

വെള്ളിയാഴ്ച്ച രാവിലെ 8.30 യോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് താഴെ വടകര ഭാഗത്തേക്ക് ഉള്ള സര്‍വീസ് റോഡിലൂടെ പോവുകയായിരുന്ന കാറിന് മുകളിലേക്ക് വീഴുകയായിരുന്നു.

അപകടത്തിൽ ഇരു കാറുകളും ഭാഗികമായി തകര്‍ന്നു. പയ്യോളി സ്‌റ്റേഷനില്‍ നിന്നും പോലീസ് എത്തി റോഡിലെ വാഹനങ്ങള്‍ നിയന്ത്രിച്ചു.