അപ്പോളോ ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവര്‍ സമരത്തിനൊരുങ്ങുന്നു; മാര്‍ച്ച് ഒമ്പത് മുതല്‍ സ്ഥാപന ഉടമകളുടെ വീട്ടുപടിക്കല്‍ കുത്തിയിരിപ്പ് സമരം


വടകര: അപ്പോളോ ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവര്‍ സമരത്തിലേക്ക് നീങ്ങുന്നു. ശക്തമായ സമരത്തിന് മുന്നോടിയായി സൂചന എന്ന നിലയില്‍ നാലാം തീയതി ഉടമകളില്‍ ഒരാളായ സാബിത്തിന്റെ കീഴല്‍ മുക്കിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചു വഞ്ചിതരാക്കപ്പെട്ട അംഗങ്ങളെ ഉള്‍പ്പെടുത്തി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ നടത്തിയ കണ്‍വെന്‍ഷനിലാണ് തീരുമാനമായത്.

നിക്ഷേപകരെ കഴിഞ്ഞ മൂന്ന് വര്‍ഷമായി വട്ടം കറക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി. നിക്ഷേപിച്ച സംഖ്യ തിരിച്ചു നല്‍കാന്‍ ഉടമകള്‍ കാലതാമസം വരുത്തുകയാണെങ്കില്‍ മാര്‍ച്ച് ഒമ്പത് മുതല്‍ സ്ഥാപന ഉടമകളുടെ വീട്ടുപ്പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്താനും ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.

ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.എന്‍.എ അമീര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എച്ച്.എം ഉമ്മര്‍ഹാജി അധ്യക്ഷത വഹിച്ചു. എ റഷീദ്, പനോളി അമ്മദ്, കുന്നോത്ത് മൊയ്തുഹാജി, അല്‍ത്താഫ് മര്‍വ, കെ..കെ ബഷീര്‍, ജുമൈന കെ, മുനീറ കെ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ഫിര്‍ദൗസ് സ്വാഗതവും ഒ ഷമീം നന്ദിയും പറഞ്ഞു.