‘ജീവിച്ചിരിക്കുന്നവര്‍ മരിച്ചെന്ന് ബിഎല്‍ഒയുടെ റിപ്പോര്‍ട്ട്’; വടകരയില്‍ വില്യാപ്പള്ളി സ്വദേശി അടക്കം മൂന്ന് പേരുടെ വോട്ട് തള്ളിയതായി പരാതി


വടകര: മണ്ഡലത്തിലെ അന്തിമ വോട്ടര്‍ പട്ടിക പുറത്ത് വന്നതോടെ പലരുടെയും വോട്ട് തള്ളിയതായി പരാതി. ഇതില്‍ ചിലരുടെ വോട്ട് മരിച്ചു എന്നെഴുതി തള്ളുകയായിരുന്നുവെന്നാണ്‌ പരാതി. 2024 ജനുവരിയില്‍ ആദ്യ വോട്ടര്‍ പട്ടിക വന്നപ്പോള്‍ ലിസ്റ്റില്‍ പേരുണ്ടായിരുന്നവര്‍ക്കാണ് ‘മരിച്ചു പോയി’ എന്ന കാരണത്താല്‍ ഇത്തരത്തില്‍ വോട്ട് നഷ്ടമായിരിക്കുന്നത്‌.

കണ്ടംപറമ്പില്‍ മാതു, വില്യാപ്പള്ളി പയംകുറ്റിമലയില്‍ ഭാസ്‌കരന്‍, മനക്കല്‍താഴെകുനി പൊക്കന്‍ എന്നിവരുടെ പേരുകളാണ് നിലവില്‍ മരിച്ചു പോയി എന്ന കാരണം പറഞ്ഞ് വോട്ട് തളളിയതായി കണ്ടെത്തിയിരിക്കുന്നത്‌. ”കഴിഞ്ഞ ഇലക്ഷന്‌ വരെ താന്‍ വോട്ട് ചെയ്തുവെന്നും മരിച്ചിട്ടില്ലെന്നും വോട്ട് ഉണ്ടെങ്കില്‍ ചെയ്യുമെന്നും” കണ്ടംപറമ്പില്‍ മാതു സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

”സംഭവത്തില്‍ പരാതി കൊടുത്തിട്ട് കാര്യമില്ലെന്നും വോട്ട് ചെയ്യുക എന്നത് മൗലികാവകാശമാണെന്നും അത് നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും” മാതുവിന്റെ ഭര്‍ത്താവ് പറഞ്ഞു.

‘വോട്ടില്ലാത്തതിനാല്‍ വളരെ വിഷമുണ്ടെന്നും വോട്ട് ചെയ്യണമെന്നാണ് ആഗ്രഹമെന്നും പയംകുറ്റിമലയില്‍ ഭാസ്‌കരന്‍ പറയുന്നത്. എന്നാല്‍ ‘തന്റെ ഭാഗത്ത് നിന്നും അത്തരത്തില്‍ ഒരു തെറ്റ് വന്നിട്ടില്ലെന്നാണ്’ ബിഎല്‍ഒ പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

”അച്ഛന്റെ പേര് ആദ്യത്തെ വോട്ടര്‍ പട്ടിക പുറത്ത് വന്നപ്പോള്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് ഏപ്രില്‍ 10ന് വന്ന പട്ടികയിലാണ് മരിച്ചു എന്ന തരത്തില്‍ വോട്ട് തള്ളിയതായി കണ്ടതെന്ന് പൊക്കന്റെ മകന്‍ പറയുന്നു. സംഭവത്തില്‍ ബിഎല്‍ഒയുമായി ബന്ധപ്പെട്ടപ്പോള്‍ അബദ്ധം പറ്റിപ്പോയെന്നാണ് പറഞ്ഞതെന്നും മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ വോട്ടില്ലാത്തതിനേക്കാള്‍ വിഷമം വിഷമം മരിച്ചു പോവാത്ത ആളെ മരിച്ചു പോയി എന്ന് പറഞ്ഞതിനാണെന്നും, എങ്ങനെയാണ് അത്തരത്തില്‍ റിപ്പോര്‍ട്ട് കൊടുക്കുന്നത്, ഞങ്ങള്‍ നാല് മക്കള്‍ക്കും ഇതില്‍ വിഷമമുണ്ടെന്നും മകന്‍ പറയുന്നു.

ഇത്തരത്തില്‍ മരിച്ചുവെന്ന തരത്തില്‍ വടകരയില്‍ വിവിധയിടങ്ങളില്‍ പലരുടെയും വോട്ടുകള്‍ തള്ളിയുട്ടെണ്ടന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.